Thursday 23 January 2014

ശാസ്താം കോട്ട ധര്‍മ്മ ശാസ്താ ക്ഷേത്രം

ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു ശാസ്താ പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ:

കൊല്ലത്ത് നിന്ന് ദേശീയ പാത വഴി ആലപ്പുഴയ്ക്ക് പോകുമ്പോൾ 24 കിലോ മീറ്റർ കഴിഞ്ഞാൽ കരുനാഗപ്പള്ളിയിൽ എത്തും, അവിടെ നിന്ന് അടൂർക്ക് പോകുന്ന വഴി പതിനൊന്ന് കിലോ മീറ്റർ കഴിഞ്ഞാൽ കൊല്ലം ജില്ലയിൽ ശാസ്താം കോട്ട ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ എത്താം. കേരളത്തിലെ പ്രകൃതി ദത്തമായ ഏക ശുദ്ധ ജല തടാകമായ ശാസ്താം കോട്ട കായലിന്റെ തീരത്താണ്‌ ഈ പുരാതന ക്ഷേത്രം. പഴക്കം ചെന്ന ഗ്രാമ ചന്തയാണ് ആദ്യം കാണുന്നത്, തുടർന്ന് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ അലങ്കാര ഗോപുരം, വീണ്ടും നടക്കുമ്പോൾ ആലും കാഞ്ഞിരവും തണലേകുന്ന ക്ഷേത്ര പരിസരത്തെത്തും. മര ചില്ലകളിൽ ഊഞ്ഞാലാടുന്ന വാനരന്മാർ, ശ്രീരാമന്റെ കൂടെ ഇവിടെ എത്തിയതാണ് ഇവർ എന്ന് പഴമ. യുദ്ധാനന്തരം ശ്രീരാമനും സീതയും പരിവാര സമേതം അയോദ്ധ്യയിലേയ്ക്ക് മടങ്ങുമ്പോൾ ശാസ്താവിന്റെ അതിഥിയായി ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടത്തെ തീര്‍ത്ഥത്തിൽ പിതൃ തര്‍പ്പണം നടത്തിയിരുന്നെന്നും കൂടെ ഉണ്ടായിരുന്ന വാനരന്മാരിൽ ചിലരെ ക്ഷേത്ര കാവല്‍ക്കാരായി നിയോഗിച്ചു എന്നും ഐതിഹ്യം. ക്ഷേത്ര കടവിൽ നിന്നും ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം അങ്കനം ചെയ്ത നാണയങ്ങൾ കിട്ടിയിട്ടുണ്ട്‌. ക്ഷേത്രം പുതുക്കി പണിതത്‌ കായംകുളം രാജാവാണ് എന്ന് രേഖകൾ. കര്‍ക്കിടത്തിൽ ഇവിടെ പിതൃ തര്‍പ്പണം നടന്നു വരുന്നു.

പന്തളത്ത് ഇളമുറ തമ്പുരാന്മാർ ശബരിമല ദര്‍ശനം മുടക്കാറുണ്ടായിരുന്നില്ല. എന്നാൽ ഒരു തമ്പുരാന് ആ പതിവ്‌ തെറ്റിക്കേണ്ടി വന്നു. അതിനെ തുടര്‍ന്ന്‌ കൊട്ടാരത്തിൽ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. അപ്പോൾ അദ്ദേഹം ശബരിമലയിൽ പോയി പന്ത്രണ്ട് ദിവസം ഭജനമിരുന്നു, പിന്നെ മാസം തോറും പോകാൻ തീരുമാനിക്കുകയും ചെയ്തു. ആയിടയ്ക്ക്‌ തമ്പുരാന്‌ സ്വപ്ന ദര്‍ശനമുണ്ടായി, തേജസ്വിയായ ഒരു യുവാവ്‌ അടുത്തു വന്ന്‌ പറഞ്ഞ പോലെയായിരുന്നു സ്വപ്നം. അങ്ങ്‌ ബുദ്ധിമുട്ടി ഇവിടം വരെ വരണ്ടാ ഞാൻ അടുത്തൊരു സ്ഥലത്തു വന്നിരുന്നേക്കാം. കായംകുളം രാജാവ്‌ നടത്തുന്ന ആയുധാഭ്യാസ പരീക്ഷയിൽ പങ്കെടുക്കാൻ ഞാൻ എത്തും. അപ്പോൾ ഞാൻ അയയ്ക്കുന്ന അമ്പ്‌ വീഴുന്ന സ്ഥലത്ത്‌ എന്നെ കാണാം. പന്തള രാജൻ ആയുധാഭ്യാസ പ്രകടനം നടത്തുന്നത്‌ കാണാൻ കായംകുളത്ത് പോയി, തുടര്‍ന്ന്‌ ശരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. പരിവാരങ്ങളുമായുള്ള രാജാവിന്റെ യാത്ര കുറെ ദൂരം പിന്നിട്ടപ്പോൾ ഒരു യുവാവും അവരോടൊപ്പം കൂടി. യുവാവ്‌ അകലെ ഒരു തുരുത്ത്‌ ചൂണ്ടി കാണിച്ചു കൊടുത്ത് അവിടെ ആയിരിയ്ക്കും ശരം പതിച്ചതെന്നും പറഞ്ഞു. കടവിൽ കിടക്കുന്ന പൊങ്ങു തടിയിൽ കയറി അവിടെ എത്താമെന്നും സൂചിപ്പിച്ചു. യുവാവ്‌ പറഞ്ഞതു പോലെ രാജാവ്‌ പൊങ്ങുതടിയിൽ കയറി ഇരുന്നതും അത്‌ താനെ നീങ്ങി തുരുത്തിലെത്തുകയും ചെയ്തു. പൊങ്ങുതടി താനെ തിരിച്ചുപോകുന്നതും കണ്ട് രാജാവ്‌ ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു മുതല ആണെന്ന് മനസ്സിലായി, അപ്പോൾ തന്നെ യുവാവും മറഞ്ഞു. കൂടെ വന്നത് ശാസ്താവാണന്ന് മനസിലാക്കിയ രാജാവ് ദ്വീപിൽ പഴയൊരു ക്ഷേത്ര അവശിഷ്ടങ്ങൾ കാണുകയും, ക്ഷേത്രം പുനർ നിർമ്മിച്ച്‌ ചുറ്റും കോട്ട കെട്ടി, ശേഷം കാലം അവിടെ താമസിച്ചു എന്നുമാണ്‌ ഐതിഹ്യം. കാല ക്രമേണ ജലം മാറി ദ്വീപും തൊട്ടടുത്തുള്ള കരയും തമ്മിൽ യോജിച്ചു, ഇപ്പോൾ കണ്ടാലും മനസ്സിലാകും ക്ഷേത്രവും കോളേജ് ഇരിക്കുന്ന കുന്നും ഒരു തുരുത്ത് ആയിരുന്നു എന്ന്. കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തിൽ ധർമ്മ ശാസ്താവ് സ്വയം ഭൂവാണ്. ശ്രീകോവിലിനു ചുറ്റും കല്ലിൽ കൊത്തി വച്ച രൂപങ്ങൾ, മണ്ഡപത്തിൽ രാമായണ കഥയുടെ ചിത്രീകരണം. സോപാന പടികളിലും തെക്കേ കൈ വരിയുടെ താഴെയും മനോഹര ശില്പങ്ങൾ. ദ്വാരപാലകന്മാരും ആനകളും മറ്റു രൂപങ്ങളുമെല്ലാം കല്ലിൽ തീര്‍ത്ത മനോജ്ഞ ദൃശ്യങ്ങൾ. ഗണപതി, ശിവന്‍, നാഗ യക്ഷി, നാഗ രാജാവ്‌, യക്ഷി, യോഗീശ്വരന്‍, രക്ഷസ്സ്‌, മാടൻ എന്നീ ഉപ ദേവകളുമുണ്ട്‌. അട ഇവിടത്തെ വിശേഷ വഴിപാടാണ്‌, ശനി ദോഷം അകറ്റാൻ നീരാജനം വഴിപാടുമുണ്ട്‌. കുംഭ മാസത്തിലെ ഉത്രം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം നടക്കും.


ഇനി ലോകപ്രശസ്തരായ ശാസ്താംകോട്ട വാനരന്മാരെ കുറിച്ച്, വെറുതെയല്ല അവർ ലോകപ്രശസ്തർ തന്നെ, ഡിസ്ക്കവറി ചാനലിൽ പറഞ്ഞത് ഇത് പോലെ സ്വഭാവ സവിശേഷതകളുള്ള വാനരന്മാർ ലോകത്ത് വേറെ ഒരിടത്തും ഇല്ല എന്നാണ്. ശാസ്താം കോട്ടയിൽ രണ്ടു വിഭാഗം വാനരന്മാർ ഉണ്ട് അമ്പല കുരങ്ങുകളും, ചന്ത കുരങ്ങുകളും. ആദ്യ കാലങ്ങളിൽ അവർ ഒരുമിച്ചായിരുന്നു അമ്പലത്തിനകത്ത് പ്രസാദവും വഴിപാടുകളും കായ് കനികളും കഴിച്ച് ശുദ്ധ സസ്യാഹാരികളായ് കഴിഞ്ഞു പോന്നു. പിന്നെ പെറ്റു പെരുകി ഭക്ഷണം തികയാതെ വന്നപ്പോൾ ഒരു വിഭാഗം ചന്തയിൽ ചെന്ന് കണ്ടതൊക്കെ കഴിച്ചു, അതിൽ മത്സ്യ മാംസാദികളും ഉണ്ടായിരുന്നു. അവർ സന്ധ്യയ്ക്ക് തിരിച്ചു ചെന്നപ്പോൾ അമ്പലത്തിൽ ഉള്ള വാനരന്മാർ വിലക്കി, അത് പിന്നെ യുദ്ധമായി, കുറെ കഴിഞ്ഞപ്പോൾ ശാസ്താവിന്റെ ആജ്ഞ പോലെ രണ്ടു കൂട്ടരും പിൻമാറി. അങ്ങിനെ അമ്പലത്തിൽ താമസിക്കുന്നവർ അമ്പല കുരങ്ങുകളും, പുറത്ത് താമസമാക്കിയവർ ചന്ത കുരങ്ങുകളുമായി. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും തമ്മിൽ യാതൊരു ബന്ധവും ഇല്ലാതെ രണ്ടു കൂട്ടരും പ്രത്യേകം പ്രത്യേകം നേതാവിന്റെ കീഴിൽ അച്ചടക്കത്തോടെ കഴിയുന്നു. എന്നാൽ ഏതെങ്കിലും വഴിപാടുകാരൻ അമ്പലത്തിനു അകത്ത് വച്ച് മാത്രം വാനരർക്ക് ഭക്ഷണം നൽകിയാൽ ചന്തകുരങ്ങുകൾ വഴക്കിനു വരും. അതു കൊണ്ട് വഴിപാടുകാർ രണ്ടു കൂട്ടരും ശാസ്താവിന്റെ സ്വന്തം തന്നെയെന്ന് കരുതി (ഒരു കൂട്ടർ അമ്പലം കാക്കുന്നവരും മറ്റവർ നാട് കാക്കുന്നവരും) പ്രത്യേകമായി ഭക്ഷണം നൽകണം എന്ന് അഭ്യർഥിക്കുന്നു.
Content collected, sorted, edited by Prasannan, All write reserved