Friday 28 November 2014

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം ഒന്ന്)

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
ആറ് വർഷത്തെ സമഗ്രമായ പഠനത്തിന് ശേഷമാണ് ശബരിമല ധർമ്മ ശാസ്താവിനെ കുറിച്ച്  ഈ ലേഖനം എഴുതിയത്. ദയവ് ചെയ്ത് കോപ്പിയടിക്കാതിരിക്കുക. ഈ ലേഖനം ഇഷ്ടമായെങ്കിൽ ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്‌, ട്വിട്ടർ എന്നിവയിൽ ഷെയർ ചെയ്യുക. ഏതെങ്കിലും പ്രസിദ്ധികരണങ്ങളിൽ ലേഖകന്റെ അനുവാദത്തോട് കൂടി ഈ ലേഖന പരമ്പര ചേർക്കുന്നതിൽ വിരോധമില്ല. അയ്യപ്പ സ്വാമിയേ കുറിച്ച് കൂടുതലാളുകൾ അറിയുന്നത് സന്തോഷകരമല്ലേ. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
സ്വാമിയേ ശരണമയ്യപ്പ...................
തുടർന്ന് വായിക്കുക 
ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാ ശബരിമല ശ്രീ അയ്യപ്പ (ധർമ്മശാസ്ത) ക്ഷേത്രം കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ്. ഒരു മണ്ഡലം വ്രതമെടുത്ത് ഇരുമുടി കെട്ടി വരുന്നവർ എരുമേലി ശാസ്താവിനെ തൊഴുതു വേണം ശബരി മലയിലെത്തുവാനെന്നതാണ് ആചാരം. കോട്ടയത്ത് നിന്ന് പൊൻകുന്നം വഴി എരുമേലിയിലെത്തി, അവിടെ നിന്ന് മുക്കൂട്ടുതറ, ഇലവുങ്കൽ  വഴി നിലയ്ക്കൽ എത്തുവാൻ 77 കിലോ മീറ്ററാണ് ദൂരം. നിലയ്ക്കലാണ് ബേസ് ക്യാമ്പ് എന്നതിനാൽ സ്വകാര്യ വാഹനത്തിൽ വരുന്നവർ അവിടെ വാഹനം പാർക്ക് ചെയ്ത് കെഎസ്ആർടിസി ബസ്സിൽ പമ്പയിലെത്തെണം. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴിയും ഇലവുങ്കലെത്താം. ട്രെയിനിൽ വരുന്നവർ  എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ ചെങ്ങന്നൂരിൽ ഇറങ്ങി കെഎസ്ആർടിസി ബസ്സിൽ പമ്പയിലെത്തുന്നതാണ് എളുപ്പം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്‍പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ NH544 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളം, പാല, കഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിരക്കിപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്.

ദക്ഷിണേന്ത്യയിൽ തീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ് നാലാം സ്ഥാനമാണ് ശബരിമലയ്ക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരിമലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരിമലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു. ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2017 - '18 കാലയളവിൽ ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന്  മൊത്തമായി 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.

കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്ര സ്ഥാനം. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.

ശബരിമല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധവിഹാരം എന്ന് ചിലർ പറയുന്നു. ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു മുമ്പ് തന്നെ ശബരിമലയിൽ ക്ഷേത്രമുണ്ടായിരുന്നെന്നും, ഗോത്ര സംസ്കൃതി മുതൽ അയ്യൻ എന്ന അച്ഛൻ ദൈവം പൂജനീയനായിരുന്നു എന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളും ഭാരതത്തിൽ പല കാലഘട്ടത്തിലായി ഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽ പ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ശിവനാണ്, ശിവം എന്ന സാമാന്യ സങ്കൽപ്പം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അച്ഛൻ ദൈവത്തെ ആദിമ ഗോത്ര സംസ്കൃതി ആരാധിച്ചിരുന്നു. ആദിമ മനുഷ്യർ തലോടുകയും, നിനച്ചിരിയ്ക്കാതെ തല്ലുകയും ചെയ്യുന്ന ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നീ ശക്തികളെയാണ് ഭയപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതും. ആരാധിച്ചിട്ടും ചിലപ്പോൾ പ്രകൃതി ശക്തികൾ കോപിയ്ക്കുന്നത് കണ്ടപ്പോൾ ഇവരെയും നിയന്ത്രിയ്ക്കുന്ന ഒരു ശക്തി ഉണ്ടെന്ന് ആദിമ മനുഷ്യർക്ക് മനസ്സിലായി. ആ ദൈവത്തെ അവർ പഞ്ച ഭൂതങ്ങളുടെ നാഥനായി ആരാധിച്ചു തുടങ്ങി. അങ്ങിനെ അയ് അപ്പൻ എന്ന ഭൂത നാഥനാണ് ആദ്യ ദൈവ സങ്കൽപ്പം. മാടനെന്നും, ദൈവത്താർ എന്നും മറ്റും പ്രാദേശികമായി ഭൂത നാഥനെ വിളിച്ചു തുടങ്ങി. അച്ഛൻ ദൈവത്തിന്റെ പാതിയായ അമ്മ ദൈവത്തിന് കാളി എന്നും മറുത എന്നുമൊക്കെ പേരായി.  പ്രധാന വിഷയത്തിൽ നിന്ന് വഴുതി മാറാൻ സാധ്യത ള്ളത് കൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിശദീകരിയ്ക്കുന്നില്ല. തീർത്ഥ യാത്രയുടെ തുടർന്നുള്ള ഭാഗങ്ങളിൽ ചേർക്കുന്ന തൃശൂർ ജില്ലയിലെ ചാത്തൻ സേവമഠങ്ങൾ, കണ്ണൂർ ജില്ലയിലെ ദൈവത്താർ ക്ഷേത്രങ്ങൾ എന്നിവയിൽ അച്ഛൻ ദൈവമായ അയ്യപ്പനെ കുറിച്ചും, അമ്മ ദൈവമായ കാളിയെ കുറിച്ചും കൂടുതൽ വിശകലനം കാണാം.

ആര്യന്മാർ, ദ്രാവിഡരെ തോൽപ്പിച്ച കഥയായ രാമായണത്തിൽ ശ്രീരാമൻ സീതാന്വേഷണ മാർഗ്ഗേ ദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചു എന്നും കാണുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും, മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണു ആരാധകരായ വൈഷ്ണവരും ഗണപതി ആരാധകരായ ഗാണപത്യരും ശിവ ആരാധകരായ ശൈവരും ദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചാരത്തിൽ പിടിച്ചു നിൽക്കാനാകാതെ തമ്മിൽ ഐക്യ രൂപം ഉണ്ടായിരുന്ന ശൈവ, ശാക്തേയ, ഗാണപത്യ മതങ്ങൾ ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണഭൂമിയായി തീർന്നു ഇന്ത്യ. അയ്യപ്പൻ എന്ന ദൈവ സങ്കല്പം തമിഴ് ദേശത്ത് അപ്രസക്തമായതായിരുന്ന ഇതിന്റെ ഫലം. ഈ സമയത്ത് തന്നെ മലയും അളവും ചേർന്ന ഭൂവിഭാഗത്തിന് തനതായ ഒരു സംസ്ക്കാരം രൂപപ്പെട്ടിരുന്നു. കേരം തഴച്ചു വളർന്ന മലയാള കേരളം അയ്യപ്പനെ അവരുടെ ഭര ദേവതയാക്കി. കൂട്ടിനായി കാളി, സർപ്പം, യക്ഷി, ഗന്ധർവ്വൻ തുടങ്ങിയ ദേവകളുമുണ്ടായിരുന്നു. ആദിമ കേരളത്തിന്റെ ആരാധനാലയങ്ങൾ കാവുകളായിരുന്നു. കേരളത്തിൽ അയ്യപ്പൻ കാവുകളും കാളി കാവുകളും സർപ്പ കാവുകളും യക്ഷി കാവുകളും ഗന്ധർവ്വൻ കാവുകളും ധാരാളമായുണ്ടായി. താമസവിന ശൈവ, വൈഷ്ണവ മതങ്ങൾ ക്ഷേത്രങ്ങൾ എന്ന സങ്കൽപ്പവും ആരാധനാലയങ്ങൾക്ക് നൽകി.

ദ്രാവിഡരും ശൈവ മത വിശ്വാസികളുമായിരുന്ന ഒന്നാം ചേര സാമാജ്യ ചക്രവർത്തിമാരാണ് കേരളത്തിൽ വ്യാപകമായി ശിവാലയങ്ങൾ സ്ഥാപിച്ചത്. അതിൽ ഒന്നായ ശബരിമല ക്ഷേത്രത്തിൽ ശിവനെ അയ്യപ്പനായും ആരാധിച്ചു പോന്നു. പ്രകൃതി ക്ഷോഭവും, ചോള പാണ്ഡ്യ സാമ്രാജ്യങ്ങളുടെ ആക്രമണവും ആര്യാധിനിവേശവും കാരണം ഒന്നാം ചേര സാമാജ്യം മൂന്നാം നൂറ്റാണ്ടോടെ തകർന്നു. പിന്നീട് ഒമ്പതാം നൂറ്റാണ്ടിൽ രണ്ടാം ചേര സാമാജ്യ രൂപീകരണം വരെ കേരള ചരിത്രം ഇരുൾ മൂടി കിടക്കുകയാണ്. ഈ കാല ഘട്ടത്തിൽ ശൈവ വൈഷ്ണവ സഘർഷവും ജൈന ബുദ്ധമതങ്ങളുടെ പ്രചാരവും കേരളത്തിൽ നടന്നു. ആദ്യ കാലത്ത് ജൈന മതത്തിനായിരുന്ന പ്രചാരം എങ്കിലും പിന്നീട് ബുദ്ധ മതം പ്രചുര പ്രചാരം നേടി. തുടർന്ന് കേരളത്തിലെ കാവുകൾ ബുദ്ധ ജൈന മത വിഹാരങ്ങളായി. പാർശ്വനാഥൻ, ഋഷഭൻ, സിംഹോദരൻ എന്നീ തീർത്ഥങ്കരരും പാർശ്വനാഥന്റെ ഭാര്യയായ പത്മാവതിയും, പഞ്ച ശിരസുള്ള നാഗവുമായിരുന്നു ജൈനരുടെ പ്രതിഷ്ഠാ മൂർത്തികൾ. പാർശ്വനാഥൻ തന്നെയാണ് മഹാവീരൻ എന്ന ജൈനൻ. കാളി സർപ്പ യക്ഷി ഗന്ധർവ കാവുകളിൽ കുറെ ജൈനർ സ്വന്തമാക്കിയപ്പോൾ, ബുദ്ധ മതക്കാർ പ്രധാനമായും സ്വന്തമാക്കിയത് അയ്യപ്പൻ കാവുകളെയാണ്. അവരാണ് അയ്യപ്പനെ ശാസ്താവാക്കിയത്. ബുദ്ധ പര്യായ നാമമായ ജാതൻ, ചാത്തനും, പിന്നീട് സംസ്കൃത സ്വാധീനത്താൽ ശാസ്താവുമായി. വടക്കേ ഇന്ത്യയിൽ നിന്ന് കുടിയേറിയ കൗശലക്കാരായ ആര്യ ബ്രാഹ്മണർ (തദ്ദേശീയമായി നമ്പൂതിരികൾ) ജൈന, ബുദ്ധ മതക്കാരെ ആദി ജനതയുടെ സഹായത്തോടെ കേരളത്തിൽ നിന്ന് ഓടിച്ചപ്പോൾ എല്ലാ വിഹാരങ്ങളും ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി. വിഷ്ണു എന്നർത്ഥം വരുന്ന അയ്യനും, ശിവൻ എന്നർത്ഥം വരുന്ന അപ്പനും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് അയ്യപ്പന്ന വാദം പിന്നീട് ഉണ്ടാക്കിയതാണ്.

മേൽവിവരിച്ച വസ്തുതകൾ കേരളത്തിൽ സാമാന്യമായി നടന്നതാണെങ്കിലും ശബരിമലയിൽ ജൈന സ്വാധീനവും കാണുന്നുണ്ട്. അതിൽ നിന്ന് ഗോത്ര സംസ്കൃതിയിൽ അയ്യപ്പ ക്ഷേത്രമായിരുന്ന ഇവിടം പിന്നീട് ശിവാലയം, ജൈന ആരാധനാലയം, ബുദ്ധ വിഹാരം തുടർന്ന് ധർമ്മ ശാസ്താ ക്ഷേത്രം എന്നിവയായി പരിവർത്തനങ്ങൾക്ക് സാക്ഷിയായി എന്ന് അനുമാനിയ്ക്കാം. ജൈനമതത്തിലെ ഋഷഭ തീർത്ഥങ്കരന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നതിലാവണം ബ്രഹ്മചാര്യ സങ്കൽപ്പവും  മണി കണ്ഠനെന്ന പേരും ഇവിടെയുണ്ടായത്. ജൈന ക്ഷേത്രങ്ങളായിരുന്ന മലയിൻകീഴ് ശ്രീകൃഷ്ണ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രം എന്നിവിടങ്ങളിലും ഒരു കാലത്ത് സ്ത്രീ പ്രവേശനം ഉണ്ടായിരുന്നില്ല.

ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിന് പ്രതികാരമായി സോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി.   മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവസംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണി കണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. താമസിയാതെ രാജാവിനൊരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണൻ ആയ മണി കണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയുംഅവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും, കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. മഹിഷിയെയും വധിക്കാനും, പുലി പാൽ കൊണ്ടു വരാനും   മണി കണ്ഠൻ വനത്തിലെത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി വിജയശ്രീ ലാളിതനായി മടങ്ങിയെത്തി. തുടർന്ന് ഭരണമെറ്റെടുക്കാൻ രാജാവ് അഭ്യർത്ഥിച്ചെങ്കിലും അവതാര ലക്ഷ്യം പൂർത്തിയാക്കി മണി കണ്ഠൻ വനത്തിലേയ്ക്ക് പോയി. വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ദുഖിതനായ രാജാവ്‌ ആവിശ്യപ്പെട്ടു. എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണി കണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥയാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില്‍ തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീല, കരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോടെ ഭൂമിയില്‍ ജനിച്ചു.

അയ്യപ്പചരിതം കുറച്ചുകൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരിഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിന് ശേഷം അന്തർധാനംചെയ്ത ശാസ്താവിന് പന്തളരാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിന് എന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നു പന്തളരാജന് മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലും സമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടി സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടിരാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. തുടർന്ന് അവതാരപൂർത്തികരണത്തിനായി പന്തളത്ത് വന്ന് വാവർ, കടുത്ത, കറുപ്പൻ, തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. അവതാര പൂർത്തികരണം നേടി അയ്യൻ ശബരിമലയിലെ പ്രതിഷ്ഠയിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങ ഇരു മുടി കെട്ടായാണ് കൊണ്ടു പോയതത്രേ. ഐതീഹ്യങ്ങൾ എന്നാൽ ചരിത്രവും, പുരാണങ്ങളും, നാടോടി കഥകളും ചേർത്ത് സ്ഥാപിത താല്പര്യങ്ങൾ സംരിക്ഷിയ്ക്കാനായി ഉണ്ടാക്കിയിട്ടുള്ളവയാണ്. നാടോടി കഥകളിൽ ചില വീര പുരുഷന്മാരുടെ അമാനുഷ്യ പ്രവർത്തികളും കാണും. അതനുസരിച്ചു നോക്കിയാൽ അയ്യപ്പ ഐതീഹ്യങ്ങളിൽ ചരിത്ര നായകന്മാരുടെ പ്രവർത്തികളുണ്ട്. പന്തളം രാജ്യം രൂപീകരിച്ച ചരിതവും, ഉലകുടയ പെരുമാളിന്റെ ചരിതവും ഉദാഹരണമാണ്. തീവെട്ടി കൊള്ളക്കാരെ തുരത്തുവാൻ സാമാന്യ ജനങ്ങളെ സംഘടിപ്പിച്ച വീര യോദ്ധാവിന്റെ പേരും അയ്യപ്പൻ എന്ന് തന്നെ ആയിരുന്നിരിയ്ക്കാം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പാഠഭേദം തുടർന്ന് എഴുതുന്നു.   

ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ടാണ്. ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പന്തളം രാജ വംശം പാണ്ടി നാട്ടിൽ നിന്നും കുടി റിയത് ഏഡി 1200നോട് അടുപ്പിച്ചാണ്. വാവരുടെ (ബാബർ) പൂർ‌വികർ തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്ത അവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജവംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തള രാജ്യം സ്ഥാപിച്ചു എന്നും കരുതാം. മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായ സംസ്ക്കാരം രൂപപ്പെട്ടത് ആ കാലഘട്ടത്തിന് നാല് നൂറ്റാണ്ടുകൾക്ക് മുമ്പാണ്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ള പാണ്ടി രാജ്യത്തിന്റെയും ഇപ്പുറം ഉള്ള പന്തളം രാജ്യത്തിന്റെയും പൊതു കുലദൈവമായി ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ, അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ ജാതിയിലാണ് പിറന്നതെന്നും വാദമുണ്ട്. ഉദയനനെന്ന മറവപ്പട തലവനെ നേരിടാ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും, തണ്ണീർ മുക്കത്ത് കളരി ആശാനായിരുന്ന ചീരപ്പൻ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മകൾ വിവാഹാഭ്യർഥന നടത്തിയതും, നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും, ശബരി മലയിൽ മാളിക പുറം സ്ഥാനം നൽകിയതും നാടോടി കഥകളിലുണ്ട്. അൽപ്പം കൂടി വ്യത്യസ്തമായി ചിന്തിച്ചാൽ ശ്രീമൂലവാസം താന്ത്രിക ബുദ്ധമതക്കാരുടെ പിൻ തുടർച്ചയായിരുന്ന ആലപ്പുഴയിലെ ഈഴവരുടെതായിരുന്നു ശബരിമല ക്ഷേത്രം, ഇടയ്ക്ക് കൈമോശം വന്ന ക്ഷേത്രം തിരിച്ചു പിടിയ്ക്കുവാനായി ഗുരുവിന്റെ നിർദേശപ്രകാരം നാനാജാതി മതസ്ഥരെ സംഘടിപ്പിച്ചു എരുമേലിയിൽ നിന്ന് അയ്യപ്പൻ പേട്ട കെട്ടി പോയതായിരിയ്ക്കാം. അയ്യപ്പൻ ബ്രഹ്മചാരി യിരുന്നോ എന്ന സംശയം ചിലർക്കുണ്ട്. ശാസ്താവ് പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായും, പ്രഭ ന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയും പ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. ശാസ്താവ് ഗ്രഹസ്ഥാശ്രമി ആണെന്നും അയ്യൻ ബ്രഹ്മചാരിയാണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.

ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻ, മണി കണ്ഠൻ, അയ്യനാർ, ഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വര), ത്വം (നിന്റെ ഉള്ളിനീയായിരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു).

ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്‍ക്കട്ടയും കൊണ്ടായിരുന്നു, അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.
Content collected, sorted, edited by Prasannan, All write reserved  

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം രണ്ട്)

വിപ്ര പൂജ്യം വിശ്വ വന്ദ്യം വിഷ്ണു ശംഭോ പ്രിയം സുതം
ക്ഷിപ്ര പ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
മല യാത്രക്കു മുമ്പായി തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസി മുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ മാല ധരിക്കുന്നു. ഇതിനെ തുടർന്ന് അവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യ മാംസാദികൾ, മദ്യം, ലൈംഗിക ജീവിതം എന്നിവ തുടങ്ങി എല്ലാ ലൗകിക സുഖങ്ങളും പരിത്യജിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരി മലയ്ക്ക് യാത്രയാകുന്നു. തിരക്ക് പിടിച്ച ആധുനിക ലോകത്തിൽ 41 ദിവസം വൃതം എടുക്കുന്നത് എല്ലാവർക്കും സാധിക്കുകയില്ലല്ലോ എന്നാലും എടുക്കുവാൻ പറ്റുന്നത്ര ദിവസം വൃതമെടുക്കുവാൻ ശ്രമിക്കണം. വൃതാനുഷ്ടാന വേളയിലും യാത്രയിലും ചെയ്യേണ്ട ചില കർമ്മങ്ങൾ തുടർന്ന് വിവരിക്കുന്നു.

ഗുരു സ്വാമി - ശബരി മലയ്ക്ക് പോകുവാൻ തീരുമാനിച്ചാൽ അനേക വർഷങ്ങൾ മല ചവിട്ടുകയും നിസ്വാർത്ഥനുമായ ഒരാളെ ഗുരുവായി സ്വീകരിക്കുകയും ആ ഗുരുസ്വാമിയുടെ നിർദേശാനുസരണം വൃതമെടുക്കുകയും മലയ്ക്ക് പോകുകയും ചെയ്യുന്നതാണ്‌ ഉത്തമം. ഇന്നിപ്പോൾ അങ്ങനെ ഉള്ളവരെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ സാക്ഷാൽ അയ്യപ്പനെ തന്നെ ഗുരുവായി മനസ്സിൽ കരുതുക.

ഗുരു ദക്ഷിണ - സ്വയം കെട്ടുനിറച്ച് കെട്ടു  താങ്ങി മല ചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരു സ്വാമിയുടെ കാര്‍മ്മികത്വത്തിൽ ആയിരിക്കണം അത്. ഓരോ സംഘത്തിനും ഒരു ഗുരു സ്വാമിയെങ്കിലും ഉണ്ടാകണം. ഗുരു സ്വാമിക്ക് എട്ടു തവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്.
1. മാലയിടുമ്പോള്‍
2.കറുപ്പു കച്ച കെട്ടുമ്പോള്‍
3. എരുമേലിയില്‍ പേട്ടക്കളത്തില്‍
4. വനയാത്ര തുടങ്ങുമ്പോള്‍
5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വാങ്ങുമ്പോള്‍
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍
7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍
8. വീട്ടിലെത്തി മാലയൂരുമ്പോള്‍

ഗുരു ദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാ ശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

മുദ്രാധാരണം - വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്നൊരു വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാലയോ രുദ്രാക്ഷ മാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. രാവിലെ കുളിച്ചു ശുദ്ധമായി മനസ്സ് പരിപാവനമാക്കി ഏതെങ്കിലും ക്ഷേത്ര നടയിൽ ചെന്ന് ഗുരു സ്വാമിയുടെ കൈയ്യിൽ നിന്ന് മാല വാങ്ങി ധരിക്കുകയാണ് വേണ്ടത്. ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ പിതാവിന്റെയോ മാതാവിന്റെയോ തന്നെക്കാൾ പ്രായമുള്ള ആരെങ്കിലിലും നിന്നോ മാല വാങ്ങി ധരിക്കാം. മാലയിട്ടാൽ പിന്നെ അയ്യപ്പനോ മളികപ്പുറമോ ആണ്. മറ്റുള്ളവർ കാണേണ്ടതും പെരുമാറേണ്ടതും അങ്ങിനെയാണ്. മാലയിടുമ്പോൾ ഗുരു ഇങ്ങിനെ മന്ത്രം ചൊല്ലിക്കൊടുക്കണം.
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ

ശരണം വിളി - സ്വാമി ശരണം അയ്യപ്പ ശരണം, സ്വാമിയെ ശരണം അയ്യപ്പ തുടങ്ങിയ പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യങ്ങൾ ശാസ്താരാധനക്ക് കീര്‍ത്തിതമാണെന്ന് ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും അടുത്തുള്ള ക്ഷേത്രങ്ങളിൽ പോയി ശരണം വിളിക്കേണ്ടതാണ്. ക്ഷേത്രങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിൽ വച്ചും ശരണം വിളിക്കാം. വൈകുന്നേരങ്ങളിൽ സംഘമായി ചേർന്ന് അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ ശരണം വിളിയും ഭജനയും നടത്തുന്നത് ഉത്തമം. അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ നടത്തുന്ന ആഴി പൂജയിൽ പങ്കെടുക്കുകയും ശരണം വിളിക്കുകയും ഭജന പാടുകയും ചെയ്യുന്നത് അത്യുത്തമം.

ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് സ്വാമി മന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നൽകുന്നു, മല കറ്റം ആയാസം ഇല്ലാത്തതുമാക്കുന്നു. ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദ ബ്രഹ്മത്തിൽ ഉണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളത് ആണ്. ശരണത്തിലെ '' എന്ന അക്ഷരം ശത്രു  ദോഷങ്ങളെ ഇല്ലാതാക്കുന്നു ന്ന് പ്രമാണം. '' അറിവിന്റെ അഗ്നിയെ ഉണര്‍ത്തുന്നു. '' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണം വിളി കാട്ടില്‍ ദുഷ്ട മൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

ജിവിത ചര്യകൾ - മാലിയിട്ടു കഴിഞ്ഞാൽ കറുപ്പ് വസ്ത്രമാണ് ധരിക്കേണ്ടത്, കാവിയോ നീലയോ ധരിക്കുന്നത് തെറ്റല്ലെങ്കിലും അയ്യപ്പന് ഏറെ ഇഷ്ടം കറുപ്പാണ്. ശബരിമല തീര്‍ഥാടകൻ അനുഷ്ഠിക്കേണ്ട പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരിക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ സദാ സന്നദ്ധനായിരിക്കണം. ലളിത ജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതം തീരും വരെ താടിയും മുടിയും വളര്‍ത്തണം. പറ്റുമെങ്കിൽ പാദുകങ്ങളും ഒഴിവാക്കണം കല്ലും മുള്ളും കാലിനു മെത്ത എന്ന ശരണം വിളി ഓർക്കുക. മല യാത്രക്ക് തയ്യാറാവുന്നവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കുന്ന ഒരു ചടങ്ങുണ്ട്. കന്നി അയ്യപ്പന്‍മാർ ശബരിമല യാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണെന്ന് പഴമക്കാർ പറയുന്നു.

അയ്യപ്പൻ വിളക്ക് - മണ്ഡല കാലത്ത് സാധാരണയായി ക്ഷേത്രങ്ങളിലും വഴിപാടായി ഗ്രഹത്തിലും വച്ച് നടത്തുന്ന ചടങ്ങാണിത്. അമ്പലങ്ങൾ തീര്‍ത്താണ് വിളക്ക് നടത്തുക. വിപുലമായി നടത്തുന്ന അയ്യപ്പൻ വിളക്കിന് അഞ്ച് അമ്പലങ്ങളാണ് തീർക്കുക. വാഴ പിണ്ടിയാണ് അമ്പലം തീര്‍ക്കാൻ ഉപയോഗിക്കുക. അഞ്ച് അമ്പലത്തിന് വേണ്ടി 41 വാഴപ്പിണ്ടികൾ വേണം. ഓരോ അമ്പലത്തിലും 41 കുരുത്തോലകൾ അലങ്കാരത്തിന് വേണം. ഈ കുരുത്തോല അലങ്കാരത്തിന് കദളി വെട്ടെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ഈ അമ്പലങ്ങളിൽ മധ്യത്തായി അയ്യപ്പൻ ഇടതു ഭാഗത്തായി ശിവന്‍, ഭഗവതി (മാളികപ്പുറത്തമ്മ), വലതു ഭാഗത്തായി ഗണപതി, സുബ്രഹ്മണ്യന്‍ എന്നിങ്ങനെയാണ് ക്രമീകരണം. അയ്യപ്പന്റെ അമ്പലം ക്ഷേത്ര മാതൃകയിൽ തന്നെയായിരിക്കും. മുമ്പിൽ പതിനെട്ട് പടികളും വഴപിണ്ടി കൊണ്ട് ഉണ്ടാക്കും. വിഗ്രഹങ്ങളോ, ഫോട്ടോകളോ ആയിരിക്കും അമ്പലങ്ങളിൽ വയ്ക്കുന്നത്. 21 മാല വിളക്കുകളും 13 നിലവിളക്കുകളുമാണ്‌ വേണ്ടത്. രാവിലെ മുതല്‍ പിറ്റേന്ന് രാവിലെ വരെയാണ് വിളക്ക് നടത്തിപ്പ്. ആദ്യം ഗണപതി ഹോമം, ക്ഷേത്ര സങ്കല്പമുണ്ടാക്കൽ, ഉച്ച പൂജസദ്യ. വൈകുന്നേരം നാല് മണിയോടെ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വരുന്ന പാല കൊമ്പ് എഴുന്നുളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലയുടെ കൊമ്പ് മുറിച്ച് അടുത്തുള്ള ക്ഷേത്ര പരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും. വിളക്കു നടത്തുന്ന സ്ഥലത്ത് നിന്ന് കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ പാല കൊമ്പ് കുഴിച്ചിട്ട ക്ഷേത്ര സന്നിധിയിലേക്ക് യാത്ര പുറപ്പെടും. പിന്നെ വെളിച്ചപ്പാടിന്റെ അരുൾ പാടുകളും തോറ്റം ചൊല്ലലും. ഈ സമയത്ത് ചെണ്ടയും വാദ്യാഘോഷങ്ങളും അയ്യപ്പ തിന്തകതോം തോം എന്ന ചുവടു വെയ്പുകളും ഉണ്ടാക്കിയിരിക്കും. പാല കൊമ്പില്‍ ചുവന്ന പട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്ശോഭ യാത്രയായി അത് പന്തലിലേക്കു കൊണ്ടു വരികയാണ് അടുത്ത ചടങ്ങ്. അയ്യപ്പനെ സങ്കല്പിച്ച് ചുരികസുബ്രഹ്മണ്യനെ സങ്കല്പിച്ച് ശൂലംശിവനെ സങ്കല്പിച്ച് ചിലമ്പ് എന്നിവയും എഴുന്നള്ളിക്കും.

സാമ്പത്തിക ചുറ്റുപാട് അനുസരിച്ച് അര വിളക്ക്കാൽ വിളക്ക് എന്ന മട്ടിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട്‌. സാധാരണയായി അര വിളക്കാണ് നടത്തുക, അതിന് അയ്യപ്പന്റെയും ഗണപതിയുടെയും ഭഗവതിയുടെയും മൂന്ന് അമ്പലങ്ങൾചടങ്ങുകൾ ആഴി പൂജ വരെ മാത്രം. കാൽ വിളക്കിന് അയ്യപ്പന്റെ അമ്പലം മാത്രം ചടങ്ങുകൾ ശാസ്താം പാട്ട് വരെ. ചില സ്ഥലങ്ങളിൽ പാനക പൂജ എന്നാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. ശർക്കര വെള്ളം തിളപ്പിച്ച്‌ പ്രസാദമായി കൊടുക്കുന്നത് (പാനി) കൊണ്ടാകാം പാനക പൂജ എന്ന് പേര് വന്നത്.

രാത്രി എട്ട് മണി മുതൽ പിറ്റേന്ന്‌ പുലരും വരെയുള്ള സമയത്താണ്‌ വിളക്ക്‌ നടത്തുക. പൂജാദി കർമ്മങ്ങൾക്ക് ശേഷം ശാസ്താം പാട്ട് തുടങ്ങും അതിനു ശേഷം താലം വരവ്. രാത്രി രണ്ട് മണിയോടെ പാൽ കിണ്ടി എഴുന്നെള്ളിച്ച് കോമരം വിളക്കിനെ വലം വെക്കും. പിന്നെ ആഴി പൂജ, കനലാട്ടം. രാവിലെ നാല് മണിയോടെ രണ്ടു പേര്‍ വേഷം കെട്ടി അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം അഭിനയിക്കും. ഇതു കഴിയുമ്പോൾ അലങ്കാരങ്ങളും പന്തലും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും. പുലർച്ചെ ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍ വിളക്കിന്റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണ പുരട്ടി കത്തിച്ച തിരി കൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ പ്രകടനമാണിത്.


ആഴി പൂജ
ദൈവിക പ്രീതിയ്ക്ക് വേണ്ടി ആത്മ പീഡനമേൽക്കുന്ന രീതി ലോകത്ത് പല സ്ഥലങ്ങളിലും ഉണ്ട്, അയ്യപ്പൻ വിളക്കിൽ അപ്രകാരമുള്ള ചടങ്ങാണ് ആഴി പൂജയ്ക്ക് ശേഷമുള്ള കനലാട്ടം. തീകുണ്ഡമുണ്ടാക്കി അയ്യപ്പന്മാർ ശരണം വിളിച്ചു കൊണ്ട് ചുറ്റും നടക്കുകയും, ശരണം വിളിയുടെ ഉച്ച സ്ഥായിയിൽ ആഴിയിൽ ഇറങ്ങി കനലുകൾ ചവിട്ടി കെടുത്തുകയും ചെയ്യുന്ന ചടങ്ങാണിത്‌. അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധാവിഷ്ക്കാരം പൊന്തിയും പരിചയും, വാവരങ്കം ന്നീ പേരുകളിലും അറിയപ്പെടുന്നു. അരമണിയും ചുരികയും ചിലമ്പുമണിഞ്ഞ് അയ്യപ്പ വേഷ ധാരിയും, ലുങ്കിലും ബെല്‍റ്റും പച്ച തൊപ്പിയുമണിഞ്ഞ് വാവർ വേഷ ധാരിയും തമ്മിലുള്ള യുദ്ധവും തുടര്‍ന്ന് സന്ധിചെയ്യലുമാണ് ഇതി വൃത്തം. കപ്പലോട്ടക്കാരനായ വാവ ചുങ്കം നല്‍കാത്തതികുപിതനായ അയ്യപ്പ ആലപ്പുഴ പുറക്കാട്ട്‌ കടലിൽ വച്ച് നടന്ന യുദ്ധത്തി കപ്പലിന്‍െറ പാമരം മുറിച്ചു കളയുന്നതായും ഇതേ തുടര്‍ന്ന്‌ വാവ കൈവള ഊരി കപ്പമായി നല്‍കി സുഹൃത്‌ ബന്ധം സ്ഥാപിക്കുന്നതും ഒക്കെ അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്.

കനലാട്ടം
ശാസ്താം പാട്ട് - അയ്യപ്പൻ വിളക്കിന്റെ അവിഭാജ്യ ഘടകമാണിത്. ഉടുക്ക് എന്ന ഗ്രാമീണ സംഗീത ഉപകരണം മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഉടുക്ക് പാട്ടെന്നും അറിയപ്പെടുന്നു. പഴയ കാലത്ത് കണിയാരെന്ന വിഭാഗമാണ്‌ ഉടുക്ക് കൊട്ടി ശാസ്താം പാട്ട് പാടികൊണ്ടിരുന്നത്. അന്നൊക്കെ ഉടുക്ക് പാട്ട് പഠനത്തെ കുറിച്ച് രസകരമായ ചൊല്ലുകൾ കേൾക്കാമായിരുന്നു. "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന് എന്തടോ ദക്ഷിണ, മുരുക്കും പത്തല് മുള്ള് കളയാതെ വായിലേയ്ക്ക് അങ്ങ് തള്ളടോ" "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന്റെ തലക്കിട്ട് രണ്ടു കൊടുക്കടോ" എന്നൊക്കെ ഉടുക്ക് പാട്ടിന്റെ ശീലിൽ തന്നെ കുട്ടികൾ ഗ്രാമങ്ങളിൽ പാടി കൊണ്ട് നടക്കുമായിരുന്നു. എന്നാൽ മറ്റ് ഏതൊരു സംഗീത ശാഖയെ പോലെയും ദീർഘ കാലത്തെ കർശനമായ പഠനവും കൊണ്ടേ ഉടുക്ക് പാട്ടിലും പ്രാവീണ്യം നേടാൻ പറ്റൂ.
ഉടുക്ക് പാട്ട്
അയ്യപ്പന്റെ അവതാര, അപദാന കഥകളാണ് ഉടുക്ക് കൊട്ടി പാടുന്നത്. ആറു പേരുടെ സംഘമാണ് അയ്യപ്പൻ പാട്ട് നയിക്കുക. സംഘ തലവൻ പാട്ടിന് തുടക്കമിടും, പിന്നീട് ഓരോരുത്തരായി പാടുകയും മറ്റുള്ളവർ ഏറ്റു പാടുകയും ചെയ്യും. മഥനം പാട്ട്, സൂര്‍പം പാട്ട് എന്നിങ്ങനെ രണ്ട് തരം പാട്ടുണ്ട്. മഥനം പാട്ട് ഗണപതി, സരസ്വതി വന്ദനത്തിനും ശേഷം പാലാഴി മഥനം മുതൽ പാടി ധർമ്മ ശാസ്ത അവതാരത്തിൽ അവസാനിക്കുന്നു. ഒമ്പത് പാട്ടുകളാണ് ഇതിലുള്ളത്, അഞ്ച് മണിക്കൂറിലേറെ സമയമെടുക്കും. അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ച് മഥനം പാട്ടാണ് പാടാറുള്ളത്, അവതാരം പാടി തീരുമ്പോൾ കൂട്ട ശരണം വിളിയോടെ അയ്യപ്പന്മാർ ആഴി വലം വച്ച് തുടങ്ങും (താലം വരവും, കിണ്ടി എഴുന്നെള്ളത്തും, ആഴി പൂജയും ഈ സമയം കൊണ്ട് കഴിഞ്ഞിരിക്കും). സൂര്‍പം പാട്ടിൽ പതിനെട്ട് പാട്ടുകളാണ്, ഒരു പകലും രാവും വരെ നീണ്ട് നില്‍ക്കും. ഇഷ്ട ദേവതകളെ സ്തുതിച്ചു പാടിയ ശേഷം പാലാഴി മഥനം, ശാസ്താവിന്റെ ജനനം, ശൂര്‍പകന്റെ തപസ്സ്, ശൂര്‍പകാസുര വധം, ശൂര പത്മാസുര കഥ, മഹിഷീ മര്‍ദനം, സേവ്യം തുടങ്ങിയ പാട്ടുകളാണ് പാടുന്നത്. സേവ്യം, സേവുകം, ശേവുകം എന്നീ പേരുകളിൽ അറിയപ്പെടുന്നത് മഥനം പാട്ടിലും, സൂര്‍പം പാട്ടിലുമുള്ള ഉപ വിഭാഗമാണ്‌. പാണ്ടി സേവ്യം, പന്തള സേവ്യം, പുലി സേവ്യം, ഈഴ സേവ്യം, ഇളവ സേവ്യം, വെളി സേവ്യം, വേളാർ സേവ്യം എന്നിങ്ങനെ ഏഴ് സേവ്യ പാട്ടുകൾ ഉണ്ട്.

നന്ദുണി പാട്ട്
നന്ദുണി പാട്ട് - അയ്യപ്പൻ കാവുകളിലും, ഭഗവതി കാവുകളിലും കളം എഴുത്തും പാട്ടും നടത്തുന്ന തെയ്യം പാടികൾ (ദൈവം പാടികൾ) എന്ന വിഭാഗത്തിലുള്ള ആളുകൾ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്. ഇതും ഒരു തരം അയ്യപ്പൻ പാട്ടാണ്.

ഉച്ച പാട്ട് – ഉച്ച പൂജ കഴിഞ്ഞ് കാവിൽ നടത്തുന്ന പാട്ട്. കുരുത്തോല, വെറ്റില, പട്ട്, വെള്ള വസ്ത്രം എന്നിവയാൽ അലങ്കരിച്ച പന്തലിൽ വച്ചോ, അല്ലെങ്കിൽ പാട്ട് കൊട്ടിലിൽ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.

തീയാടി രാമൻ നമ്പ്യാർ അയ്യപ്പൻ തീയാട്ടിൽ
തീയാടി രാമൻ നമ്പ്യാരെ കുറിച്ചറിയാൻ
ഈ വീഡിയോ കാണുക
http://video.webindia123.com/p_interviews/dancers/other_genres/theeyadiramannambiar/
അയ്യപ്പൻ തീയാട്ട് - കാളി തീയാട്ട്, അയ്യപ്പൻ തീയാട്ട് എന്നിങ്ങനെ രണ്ട് വിധം തീയാട്ടുകൾ ഉണ്ട്. കാളി തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ ഉണ്ണികളാണ്. അയ്യപ്പൻ തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ നമ്പ്യാന്മാരാണ്. തീയാട്ടുണ്ണിയെന്നും തീയാട്ട് നമ്പ്യാരെന്നും അവരെ വിളിക്കുന്നു, രണ്ടു കൂട്ടരെയും പൊതുവെ തീയടികൾ എന്നും വിളിക്കുന്നുണ്ട്. ശാസ്താ പ്രീതിക്ക് വേണ്ടി അയ്യപ്പൻ കാവുകളിൽ നടത്തുന്നതാണ്‌ അയ്യപ്പൻ തീയാട്ട്. ഉത്തര കേരളത്തിൽ ഇതിനെ അയ്യപ്പൻ കൂത്തെന്നും അറിയപ്പെടുന്നു.

കളം പാട്ട്‌ - കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ് ഇത്. കളം പൂജക്ക് കളം എഴുതുന്നു (അയ്യപ്പന്റെ വിവിധ രൂപങ്ങൾ പഞ്ച വര്‍ണ്ണ പെടി കൊണ്ട് വരയ്ക്കുന്നു). ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്റെ ഭാഗം തന്നെയാണ്.

കളത്തിലാട്ടം‌ - ഇത് ഒരു തരം നൃത്തകലയാണ്, അയ്യപ്പൻ കൂത്തിന്റെ മുഖ്യമായ ഭാഗമാണ്‌ ഈ കളത്തിലാട്ടം.

വലിയ പാട്ട്‌‌ - ഇതും തീയാടികൾ തന്നെ പാടുന്ന കഥാ ഗാനങ്ങളാണ്. വളരെ ദൈര്‍ഘ്യമേറിയ ഗാനങ്ങളായതിനാൽ വലിയ പാട്ടെന്ന് അറിയപ്പെടുന്നു. അയ്യപ്പന്റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ.

തോറ്റം പാട്ട്‌ - താളത്തോട് കൂടി ഗദ്യ രൂപത്തിൽ അയ്യപ്പന്റെയും ദേവിയുടെയും കഥകൾ പറയുന്നതാണിത്. അയ്യപ്പന്റെ ജനനവും, വേദ പരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളായി പറയുന്നു. വേഷ ഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.

ഉദയാസ്തമന കൂത്ത് - അയ്യപ്പൻ തീയാട്ടിന്റെ മുദ്രാ (കഥകളിയിലെ പോലെ) രൂപമാണ്‌ ഉദയാസ്തമന കൂത്ത്. ശാസ്താവ് ജന്മ രഹസ്യം ആരാഞ്ഞപ്പോൾ, പരമ ശിവ നിർദ്ദേശ പ്രകാരം നന്ദികേശൻ കൈമുദ്രയാൽ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്റെ പശ്ചാത്തലം. ദുര്‍വ്വാസാവിന്റെ ശാപവും, പാലാഴി മഥനവും, മോഹിനിയിൽ ശിവന്റെ പുത്രനായി ശാസ്താവ് ജനിച്ചതും എല്ലാം ഇതിൽ പ്രതിപാദിക്കുന്നു. എന്നാൽ കൈലാസത്തിൽ വളരുന്ന ശാസ്താ ഭൃഗു മഹർഷിയിൽ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുന്നതും, ഇന്ദ്രനെ വേദ പരീക്ഷയിൽ പരാജിതനാക്കുന്നതും, ശിവന്റെ നിര്‍ദ്ദേശ പ്രകാരം മല നാട്ടിൽ കുല ദൈവമായി വരുന്നതുമെല്ലാം തീയാട്ടിൽ ആടുന്നുണ്ട്.

കെട്ടുനിറ
കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്വന്തം ഭവനത്തിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. കെട്ട് നിറയ്ക്കാൻ ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ അമ്പലത്തിൽ വച്ച് നിറയ്ക്കുകയാണ് വേണ്ടത്. അമ്പലത്തിൽ ഏതെങ്കിലും ഗുരു ഭൂതന്മാരുടെ സഹായം കിട്ടുമല്ലോ. വീട്ടിൽ വച്ച് കെട്ട് നിറക്കുകയാണെങ്കിൽ ഗണപതി സുബ്രമണ്യൻ ശാസ്താവ് എന്നിവരെ സങ്കൽപ്പിച്ചു പീഠം വച്ച് കർപ്പൂര ആരാധന നടത്തിയാണ് കെട്ട് നിറ തുടങ്ങേണ്ടത്. കെട്ട് നിറയ്ക്ക് ഏറ്റവും ചുരുങ്ങിയതായി വേണ്ടത് ഒരു ഇരു മുടി (പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ഇരു മുടി വാങ്ങുവാൻ കിട്ടും, കിട്ടിയില്ലങ്കിൽ വലിയ നേരിയ ഇഴയടുപ്പമുള്ള തോർത്ത് വാങ്ങി രണ്ടായി മടക്കി തയ്ച്ചു നീള ഭാഗത്ത് നടുക്ക് ഒരടി വലുപ്പത്തിൽ തയ്ക്കാതിരുന്നാൽ ഇരു മുടിയാക്കാം), നാളികേരം ഇടുവാൻ പാകത്തിനുള്ള ഒരു സഞ്ചി, ഒരു പുതപ്പ്, മുദ്ര നിറയ്ക്കാൻ ഒരു തേങ്ങ, നിറച്ച് ഇറങ്ങുമ്പോഴും പതിനെട്ടാം പടിയുടെ താഴെ ചെന്നും ഉടയ്ക്കാൻ വേണ്ടി രണ്ട് നാളികേരം, ഉരി (ഏകദേശം 75 ഗ്രാം) ശുദ്ധമായ പശുവിൻ നെയ്യ്, രണ്ടര നാഴി (ഏകദേശം ഒരു കിലോ) ഉണക്കലരി, മൂന്ന് വെറ്റില, ഒരു അടയ്ക്ക, ഒരു ചെറിയ പാക്കറ്റ് കര്‍പ്പൂരം, ഒരു കോർക്ക്, സ്വൽപ്പം കോലരക്ക്, ചെറിയ കഷ്ണം പട്ട്, ചെറിയ പാക്കറ്റ് മഞ്ഞപ്പൊടി, കാൽ കിലോ ശർക്കര. നല്ലപോലെ വിളഞ്ഞതും താരതമ്യേനെ ചെറുതുമായ തേങ്ങകൾ പുറത്ത് നീണ്ടു നിൽക്കുന്ന ചകിരി നൂലുകൾ ചിരണ്ടി കളഞ്ഞു വൃത്തിയാക്കി എടുക്കണം. അതിൽ ഒരു തേങ്ങാ തുളച്ചു വെള്ളം കളഞ്ഞു വെയിലത്ത് വച്ച് ചെറുതായൊന്നു ഉണക്കി എടുക്കണം (മുദ്ര നിറയ്ക്കുവാൻ വേണ്ടി). കന്നി അയ്യപ്പന്മാർ കൂടെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചുവന്ന നിറമുള്ള ഇരുമുടി വാങ്ങണം.

മുദ്ര നിറയ്ക്കുന്നത്
ഗുരുവിന്റെ ആജ്ഞയോടെയും സഹായത്തോടെയും മാതാ പിതാ ബന്ധു മിത്രാദികളുടെ സമീപത്തിരുന്നുമാണ് കെട്ട് നിറയ്ക്കേണ്ടത്‌. കെട്ട് നിറയ്ക്കാൻ ഇരിക്കുന്നതിനു മുമ്പ് ദേവതമാരെ തൊഴുത് ശബരി മല യാത്ര ശുഭമാക്കുവാൻ പ്രാർഥിക്കണം, മാതാ പിതാക്കൾക്കും ഗുരുവിനും പ്രായമുള്ള ബന്ധു ജനങ്ങൾക്കും ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിക്കണം. കെട്ട് നിറക്കുന്ന സ്ഥലത്ത് ഇരുന്ന് രണ്ടു വെറ്റിലയും അടക്കയും ആദ്യം തന്നെ മുൻ കെട്ടിൽ നിക്ഷേപിക്കണം ഭഗവാനെ മനസ്സിൽ കരുതി നേരെത്തെ ഉരുക്കി വച്ച നെയ്യ് ഒരു ഗ്ലാസ്സിൽ എടുത്ത് ഗുരുവിനോട് മുദ്ര നിറയ്ക്കാനുള്ള നാളികേരം വാങ്ങി നെയ്യ് അതിനകത്തെയ്ക്ക് പതുക്കെ ഒഴിക്കണം. ഒഴിക്കുന്ന സമയത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണ മന്ത്രം ഉരുവിട്ട് കൊണ്ടേയിരിക്കണം. നാളികേരത്തിൽ നെയ്യ് നിറഞ്ഞാൽ കോർക്ക് കൊണ്ട് അടച്ച് കോലരക്ക് ഉരുക്കി സീൽ ചെയ്യണം (ചില സ്ഥലങ്ങളിൽ മര കഷ്ണം ചെത്തിയെടുത്തു അടയ്ക്കുകയും പപ്പടം നനച്ചു സീൽ ചെയ്യുന്നതും കണ്ടിട്ടുണ്ട്). എന്നിട്ട് ശരണം വിളിയോടെ സഞ്ചിയിൽ ഇട്ട്, ഇരുമുടിയുടെ മുൻ കെട്ടിൽ നിക്ഷേപിക്കണം. ഒരു രൂപ നാണയം വെറ്റിലയിൽ പൊതിഞ്ഞു നൂൽ കെട്ടി കാണി പൊന്നായി മുൻ കെട്ടിൽ നിക്ഷേപിക്കണം. അതിനു ശേഷം അയ്യപ്പ സ്വാമിക്ക് ഏറ്റം പ്രിയങ്കരമായ കര്‍പ്പൂര ആരാധനയ്ക്ക് വേണ്ടിയുള്ള കര്‍പ്പൂരം മുൻ കെട്ടിൽ നിക്ഷേപിക്കണം. മൂന്ന് കൈ കുടന്ന ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം അതിനു ശേഷം ബന്ധു മിത്രാദികൾ മൂന്ന് മുഷ്ടി വീതം ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം. മാളികപ്പുറത്തമ്മയ്ക്ക് വേണ്ടി പട്ട്, മഞ്ഞപ്പൊടി, ശർക്കര എന്നിവ മുൻകെട്ടിൽ നിക്ഷേപിക്കണം ഇത്രയുമായാൽ മുൻ കെട്ട് കെട്ടാം. താൽപര്യമുണ്ടെങ്കിൽ ഭഗവാനും ദേവിയ്ക്കും നിവേദിക്കാൻ വേണ്ടി കദളി പഴം, മലർ പൊടി, ചന്ദനത്തിരി തുടങ്ങി പൂജാ സാധനങ്ങളും മുൻ കെട്ടിൽ നിറയ്ക്കാം നിർബന്ധമില്ല. പിൻ കെട്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ നിറയ്ക്കാനുള്ളതാണ്‌. ഇന്നത്തെ കാലത്ത് വഴി നിറയെ ഭക്ഷണ ശാലകൾ ഉള്ളത് കൊണ്ട് അവയൊക്കെ കരുതുന്നത് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ അതുകൊണ്ട് പതിനെട്ടാം പടിയുടെ താഴെ അടിക്കാനുള്ള നാളികേരം മാത്രം നിക്ഷേപിച്ചാലും മതിയാകും. എങ്കിലും കുറച്ചു അരിയും  (ഉണക്കലരി ബാക്കി ണ്ടെങ്കിൽ അതായാലും മതി) ലേശം പച്ചക്കറികളും മാളികപ്പുറത്ത് ഉരുട്ടുവാൻ വേണ്ടി ഒരു നാളികേരം കൂടിയും കരുതുന്നത് നല്ലതാണ്. ഇനി ഭദ്രമായി ഇരു മുടി കെട്ടണം അതിനു ഗുരുവിന്റെ സഹായം വേണ്ടതാണ് പരിചയമുള്ളവർ കെട്ടിയാൽ തലയ്ക്കു വേദന തോന്നാതെ, ചെറിയ അനക്കം കൊണ്ട് കെട്ട് താഴെ വീഴാതെ തലയിൽ തന്നെ ഇരുന്നു കൊള്ളും, എപ്പോഴും കൈ കൊണ്ടു പിടിക്കേണ്ട ആവിശ്യം ഇല്ല. കൂടെ വരുന്ന എല്ലാവരും കെട്ട് മുറുക്കി കഴിഞ്ഞാൽ ബന്ധു മിത്രാദികളോട് യാത്ര പറഞ്ഞ് ഉച്ചത്തിൽ ശരണം വിളിച്ചു കൊണ്ട് ഗുരുവരൻ എടുത്തു തരുന്ന ഇരുമുടി കെട്ട് ഭക്ത്യാദര പൂർവ്വം തലയിൽ വയ്ക്കണം. കെട്ടിന്  മുകളിൽ  എട്ടായി മടക്കിയ പുതപ്പ് ഇടണം (കെട്ട് താങ്ങുന്നതിനു മുമ്പ് രണ്ടായി മടക്കിയ ഒരു തോർത്ത് തലയിൽ കെട്ടുന്നത് നന്നായിരിക്കും).
മല യാത്രയ്ക്ക് വരുന്ന എല്ലാവരും വരിയായി കെട്ട് നിറച്ച സ്ഥലം മൂന്നു തവണ വലം വച്ച് നാളികേരം ഉടയ്ക്കാൻ തയാറാക്കിയ കല്ലിലോ, സ്ഥലത്തോ തേങ്ങ അടിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. വീട്ടിൽ വച്ചാണ് കെട്ട് നിറയ്ക്കുന്നതെങ്കിൽ നാളികേരം അടിക്കുന്ന കല്ല്‌  കുട്ടയോ അതു പോലെ എന്തെങ്കിലും വച്ച് മൂടിയിടണം. മല യാത്ര കഴിഞ്ഞു തിരിച്ചു വന്ന് തേങ്ങ അടിക്കുന്ന വരെ കല്ല്‌ ശുദ്ധമായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ളവരുടെ കടമയാണ്.
മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളുമാണ്. യാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം. സ്വാമിയെ ശരണമയ്യപ്പ........
Content collected, sorted, edited by Prasannan, All write reserved  

Thursday 27 November 2014

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം മൂന്ന്)

മത്ത മാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവ്വ വിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
എരുമേലി വരെ വാഹനത്തിൽ വന്ന നമ്മൾ ഇനിയുള്ള യാത്ര കാനന പാതയിലൂടെയാണ്. എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പോസ്റ്റിൽ എരുമേലി ക്ഷേത്രങ്ങളെ കുറിച്ചും, പ്രായശ്ചിത്ത കർമ്മത്തെ കുറിച്ചും, പേട്ട കെട്ടിനെ കുറിച്ചും ചേർത്തിരിക്കുന്നത് കൊണ്ട് ആ ഭാഗം ഒഴിവാക്കുന്നു.

എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട കെട്ട്
അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രങ്ങളും എരുമേലിയിൽ നില കൊള്ളുന്നു. അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് ഉറ്റ സുഹൃത്തായി തീരുകയും ചെയ്തയാളാണ് വാവർ. ഭൂതനാഥോപാഖ്യാനത്തിൽ അംഗരക്ഷകന്റെ പേരായി പറയുന്നത് വാപരനെന്നാണ്. ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായാണ് വാവർ ജനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മദാര്‍സാ, സിക്കന്തര്‍സാ, ഹലിയാർ, ബദുറുദ്ദീൻ എന്നിങ്ങനെ പല പേരുകളും വാവർക്ക് ഉണ്ടായിരുന്നതായും പറയുന്നു. വാവർ ജനിച്ചത് തകൃതിത്താൻ തോട്ടത്തിൽ (തുര്‍ക്കിസ്ഥാൻ) ആണെന്നാണ് വാവരങ്കത്തിൽ പാടുന്നത്. കയ്ല ബത്തുത്തിയ എന്ന അറബി ഗ്രന്ഥ പ്രകാരം അറേബ്യയിൽ നിന്ന് സുഗന്ധ ദ്രവ്യങ്ങൾ തേടി എത്തിയതാണ് ബാബർ, വാവരു പള്ളിയിലും ശബരിമല വാവരു നടയിലും പ്രസാദമായി കൊടുക്കുന്നത് കേരളത്തിന്റെ തനത് സുഗന്ധ ദ്രവ്യമായ കുരുമുളക് തന്നെയാണല്ലോ.

 എരുമേലി കൊച്ചമ്പലം (പേട്ട ധർമ്മ ശാസ്താ ക്ഷേത്രം)
സന്ദർഭോചിതം അല്ലെങ്കിലും അർത്തുങ്കൽ പള്ളിയും അയ്യപ്പ സ്വാമിയുമായുള്ള ബന്ധത്തെ കുറിച്ച് എഴുതുന്നു. ആർത്തുങ്കൽ വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം മദ്ധ്യ കേരളത്തിൽ നിലവിലുണ്ട്. വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യയാണെന്ന് കണക്കാക്കാം. ഈ വൈദിക ശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻ ചിറയിലെത്തി, അയ്യപ്പന്റെ ഗുരു കുലവും ചീരപ്പൻ ചിറയായിരുന്നു, അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചു, അയ്യപ്പന്റെ പടയൊരുക്കത്തിൽ കൊച്ചു തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം പടയാളികളെ അച്ചൻ അയച്ചു കൊടുത്തു. അയ്യപ്പന്റെ അവതാര കഥ നടന്നത് പതിനൊന്നാം നൂറ്റാണ്ടിലും അർത്തുങ്കൽ പള്ളി സ്ഥാപിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലുമാണന്നുള്ളത് ഈ ഐതീഹ്യത്തിന്റെ പോരയ്മ്മയാണ്. ചിലപ്പോൾ പള്ളി സ്ഥാപിയ്ക്കുന്നതിന് മുമ്പ് അർത്തുങ്കലിൽ വന്ന യൂറോപ്പ്യൻ മിഷിണറിയായിരിക്കും വെളുത്തച്ചൻ. മല യാത്രയ്ക്ക് ശേഷം അർത്തുങ്കൽ പള്ളിയിൽ ചെന്നാണ് മാലയൂരേണ്ടത് എന്ന് ഒരു വിശ്വാസവും മദ്ധ്യ കേരളത്തിലുണ്ട്.    

  എരുമേലി മുതൽ പമ്പ വരെ ഗൂഗിൾ മാപ്പ്
എരുമേലി മുതൽ പമ്പ വരെ 46 കിലോ മീറ്ററാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒറ്റ ദിവസം കൊണ്ട് നടക്കാനുള്ള വഴി മാത്രമേയുള്ളൂയെങ്കിലും വന യാത്രയുടെ സുഖമനുഭവിച്ച് കർമ്മങ്ങൾ യഥാവിധി അനുഷ്ടിച്ച് പോകണമെങ്കിൽ അഴുതയിലും കരിയിലാം തോട്ടിലും രണ്ടു രാത്രി തങ്ങി (വിരി വച്ച്) മൂന്നാം ദിവസം വൈകുന്നേരത്തോടെ വേണം പമ്പയിൽ എത്താൻ. എരുമേലിയിൽ നിന്ന് ടാർ ചെയ്ത വഴിയിലൂടെ നാല് കിലോ മീറ്റർ നടന്നാൽ കോട്ടപ്പടി എന്ന സ്ഥലത്ത് എത്തും. ഉദയനന്റെ കോട്ടകൾ തുടങ്ങുന്ന പടിയാണ് അത്. കോട്ട പടിയിൽ നിന്ന് രണ്ടു കിലോമീറ്റർ നടന്നാൽ പേരൂർ തോടെത്തും നാടിനെയും കാടിനേയും വേർ തിരിക്കുന്നത് പേരൂർ തോടാണ്. പാലം കടക്കുമ്പോൾ തോട്ടിലെ മത്സ്യങ്ങൾക്ക് അരിയും മലരും ഇട്ടു കൊടുക്കണം. പേരൂർ തോട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്നാൽ ഇരുമ്പൂന്നിക്കരയിൽ എത്തും കഴിഞ്ഞാൽ. ഇവിടെ നിന്നാണ് സ്വാമിയുടെ പൂങ്കാവനം തുടങ്ങുന്നതെന്നും അയ്യപ്പന്മാർ മാത്രമേ ഇനി സഞ്ചരിക്കാൻ പാടോള്ളു എന്നുമാണ് പഴമക്കാരുടെ വിശ്വാസം (ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ലല്ലോ). ഇരുമ്പൂന്നിക്കരയിൽ നിന്ന് എട്ട് കിലോ മീറ്റർ നടന്നാൽ കാള ഘട്ടിയാകും (കാള കെട്ടി). മഹിഷി മർദ്ദന സമയത്ത് അച്ഛൻ ശിവൻ നന്ദിയെ ഇവിടെയുള്ള ആഞ്ഞലിയിൽ കെട്ടി മകന്റെ യുദ്ധം കണ്ടു എന്നാണ് ഐതീഹ്യം. “കാളകെട്ടിയാഞ്ഞലി ശരണം പൊന്നയ്യപ്പ” എന്ന ശരണ മന്ത്രം ഓർക്കുക. കാള കെട്ടിയിൽ വെടി വഴിപാട് നടത്താനും കർപ്പൂരം കത്തിക്കാനും തേങ്ങയടിക്കാനും സൗകര്യമുണ്ട്. അവിടെ നിന്ന് രണ്ട് കിലോ മീറ്റർ നടന്നാൽ അഴുതാ നദി അലസമായി ഒഴുകുന്നത്‌ കാണുമാറാകും. അഴുതാ നദിക്കര അയ്യപ്പന്മാരുടെ സുപ്രധാന താവളമാണ്. വിരി വയ്ക്കാൻ താൽകാലിക ഷെഡുകൾ വാടകയ്ക്ക് കിട്ടും അല്ലെങ്കിൽ നദിയുടെ തീരത്ത്‌ എവിടെയെങ്കിലും വിരി വെയ്ക്കാം. പുഴയുടെ നടുക്കുള്ള ചെറിയ തുരുത്തുകളിലോ, ആൾ സഞ്ചാരം കുറവുള്ളിടത്തോ വിരി വെയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്, ആന ശല്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്.  പിന്നെ കാനന ഭംഗി കണ്ടു കുളിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചു ഭജനകൾ പാടി ഉറങ്ങി എണിക്കാം. പുലർച്ചെ എഴുന്നേറ്റ് അഴുതയിൽ മുങ്ങി ഒരു ചെറു കല്ലെടുത്ത് ഉടു വസ്ത്രത്തിൽ കെട്ടി വയ്ക്കണം കല്ലിടാം കുന്നിൽ എറിയാൻ ഉള്ളതാണ് ഈ കല്ല്‌. ശേഷം കുളിച്ചു തോർത്തി പ്രാതൽ കഴിഞ്ഞു പുഴ കടന്നു അഴുതാ മേട് കയറാൻ തുടങ്ങാം. ഉദ്ദേശം മൂന്ന് കിലോ മീറ്റർ ഉണ്ട് ചെങ്കുത്തായ കയറ്റം. പാപ പുണ്യങ്ങളുടെ ഏറ്റ കുറവ് അറിയാൻ പറ്റിയതാണ് അഴുതാ മേട് കയറ്റം എന്ന് പഴമക്കാർ. സ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടെങ്കിൽ കയറ്റം അനായാസമാകും.

01. എരുമേലി, 02. പേരൂർ തോട്, 03. ഇരുമ്പൂന്നിക്കര, 04. അരശമുടി കോട്ട, 05. കാളകെട്ടി, 06. പോത്തൻ മല, 07. അഴുത നദി, 08. കല്ലിടും കുന്ന്, 09. ഇഞ്ചപ്പാറ കോട്ട, 10. മുക്കുഴി, 11. കരിയിലാം തോട്, 12. കരിമല, 13. വലിയാന വട്ടം, 14. ചെറിയാന വട്ടം, 15. പമ്പ
അഴുതാ മേട് കയറി ചെന്നാൽ ഒരു പാറ കാണാം അതാണ്‌ കല്ലിടാം കുന്ന്. അഴുതയിൽ നിന്ന് മുങ്ങിയെടുത്ത കല്ല്‌ അവിടെ നിക്ഷേപിക്കണം. മഹിഷി വധത്തിനു ശേഷം ഭഗവാന്റെ ഭൂത ഗണങ്ങൾ മഹിഷിയെ കല്ലിട്ടു മൂടിയ (സംസ്ക്കരിച്ച) സ്ഥലം ആണത്രേ അത്. പിന്നെ കുറച്ചു ദൂരം നിരപ്പായ സ്ഥലത്ത് കൂടി പോയാൽ ഇഞ്ച പാറ കോട്ടയിൽ എത്തും. ഉദയനന്റെ ആദ്യ കോട്ടയാണ് ഇഞ്ച പാറ, ഉദയനനെ തോൽപ്പിച്ച് അയ്യപ്പനും സംഘവും ഇഞ്ച പാറ കോട്ട ഇടിച്ചു നിരത്തി. അഴുതാ മേട് ഇറങ്ങി ചെല്ലുന്ന വഴി കോരൂർ തോട് ആദിവാസി കോളനി കാണാം. അഴുതാ മേട് കയറി ഇറങ്ങുവാൻ മടിയുള്ള ചിലർ അഴുതയിൽ നിന്ന് കൂപ്പു റോഡ്‌ വഴി ചുറ്റി പാലം കടന്നു ഇവിടെ വന്നു ചേരാറുണ്ട്. അത് പോലെ ചിലർ പാലത്തിനു ഇപ്പുറം വരെ വാഹനങ്ങളിൽ (എരുമേലിയിൽ നിന്ന് കോരൂർ തോട് വരെ ടാർ റോഡ്‌ ഉണ്ട്) വരുന്നുണ്ട്. കോരൂർ തോട് കടന്നു കയറ്റം കയറി എത്തുന്നവർ മുക്കുഴിയിൽ (ഇവിടം വരെ ഇപ്പോൾ ജനവാസ മേഖലയാണ്) വച്ച് അഴുതാ മേട് കയറി വരുന്നവരുമായി സംഗമിക്കും. അഴുതാ മേട് ഇറങ്ങി ചെന്നാൽ ഉൾ വനമായി. പിന്നെ പതിനൊന്ന് കിലോ മീറ്റർ താരതമ്യേനെ നിരപ്പുള്ള സ്ഥലമാണ് വഴിയൊന്നും ഇല്ലെങ്കിലും അയ്യപ്പന്മാർ നടന്നു നടന്നു വഴിയാക്കി. മല യാത്രയിൽ ഏറ്റവും കൂടുതൽ കാനന ഭംഗി ആസ്വദിക്കാൻ പറ്റുന്നതാണീ ദൂരം. അങ്ങിനെ കരി മലയുടെ അടിവാരത്തുള്ള കരിയിലാം തോട്ടിലെത്തിച്ചേരും. കരിയിലാം തോട് രണ്ടാമത്തെ താവളമാണ് അന്ന് അവിടെ വിരി വച്ച് അതി രാവിലെ കരി മല കയറി തുടങ്ങാം. കരി മല കയറ്റം കഠിനം എന്ന് പ്രസിദ്ധമാണല്ലോ, എട്ടു മടക്കായി കിടക്കുന്ന കരി മലയുടെ മുകളിൽ വന ദുർഗ പ്രതിഷ്ഠയും കൊച്ചു കടുത്ത സ്വാമി പ്രതിഷ്ഠയും കിണറും കുളവുമുണ്ട്. വെടി വഴിപാടു നടത്താനുള്ള സൗകര്യവുമുണ്ട്. കരിമല കയറ്റം പോലെ തന്നെ ഇറക്കവും കഠിനം തന്നെ. കരിമല ഇറങ്ങി ചെന്നാൽ ചെറിയാന വട്ടം, വലിയാന വട്ടം എന്നീ സ്ഥലങ്ങളിലൂടെ പമ്പ തീരത്തെത്താം.

പമ്പ സ്നാനം
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്‌. പിന്നീടത് റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജല സ്രോതസ്സ് പമ്പ നദിയാണ്. നീലക്കൊടുവേലി നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. പമ്പയിൽ വിരി വച്ചു, കുളിച്ച്, വിളക്ക് ഒഴുക്കി, പമ്പ സദ്യ ഉണ്ടാക്കി കഴിച്ചു, ഭജന നടത്തി ഉറങ്ങി എഴുന്നേറ്റ് രാവിലത്തെ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു വേണം തുടർ യാത്ര. ഈ കാലഘട്ടത്തിൽ ഇതിനൊന്നും നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. ചുരുങ്ങിയത് കുളിച്ചു എല്ലാ പിതൃക്കൾക്കുമായി ബലി തർപ്പണം എങ്കിലും നടത്തണം. പമ്പ തീരം സീസണിൽ ഇപ്പോൾ ഒരു നഗര പ്രതീതി ഉണർത്തും വളരെയധികം ഭക്ഷണ ശാലകൾ അവരെല്ലാം വിരി വയ്ക്കാൻ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അത് പോലെ അയ്യപ്പ സേവാ സംഘത്തിന്റെയും ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളും ഉണ്ട്. ദിനചര്യകൾക്കായി ഒരു പാട് സൗകര്യം ദേവസ്വം ബോർഡ്‌ ഒരുക്കിയിട്ടുണ്ട്.

പമ്പ കിഴക്കേ പാലം
വാഹനങ്ങളിൽ വരുന്ന അയ്യപ്പന്മാർ പമ്പയ്ക്ക്‌ അക്കരെ ഇറങ്ങി പാലം കടന്നു വേണം എത്തേണ്ടത്. അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും വലിയ പാലങ്ങൾ ഉണ്ട്. കെഎസ്ആർടിസി ബസ്‌ സ്റ്റാന്റ് ചാലക്കയത്താണ് അവിടെ നിന്ന് രണ്ടു കിലോമീറ്റർ നടന്നു വേണം പമ്പയിൽ എത്താൻ. പമ്പയ്ക്ക്‌ അക്കരെയുള്ള വിശാലമായ പാർക്കിംഗ് സ്ഥലത്ത് ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാം. ബസ്‌ പോലെയുള്ള വലിയ വാഹനങ്ങളിൽ വരുന്നവർ പമ്പയിൽ നിന്ന് 22 കിലോ മീറ്റർ അകലെയുള്ള നിലയ്ക്കലിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ചെറു ബസുകൾ പമ്പയ്ക്കും തിരിച്ചും ഓടിക്കുന്നു. തിരക്ക് കുറവുള്ള സമയങ്ങളിൽ ബസ്‌ പമ്പയിൽ വന്നു അയ്യപ്പന്മാരെ ഇറക്കുവാൻ സമ്മതിക്കും.

പമ്പ ബലി തർപ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷംരാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത്‌ ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്. ശരണ പാതയിലുടെ ഇനിയുള്ള യാത്രയും ഭഗവത് ദർശനവും കന്നി ദർശനത്തിന് പോയ ഒരു കുട്ടിയാണ് വിവരിക്കുന്നത്.

മുദ്ര നിറയ്ക്കൽ
എന്റെ അച്ഛനും സഹപ്രവര്‍ത്തകരും എല്ലാ വര്‍ഷവും ശബരി മലക്ക് പോകും, ചെറുപ്പത്തിലെ തന്നെ എന്നെ കൊണ്ട് പോകുമോ എന്ന് ചോദിക്കുമായിരുന്നു, നാലാം ക്ലാസ്സില്‍ എത്തിയപ്പോൾ ഞാൻ ഭയങ്കരമായി ശാഠ്യം പിടിച്ചു, അമ്മയും എനിക്ക് അനുകൂലമായി പറഞ്ഞു, അച്ഛൻ സമ്മതിച്ചു. മകര വിളക്കിന് മൂന്നു ദിവസം മുമ്പ് ഞങ്ങൾ ഇരുമുടി കെട്ടുമായി പുറപ്പെട്ടു രാത്രി ഒരു മണിയായപ്പോൾ എരുമേലിയില്‍ എത്തി, രാവിലെ അഞ്ചു മണിയായപ്പോൾ നടന്നു തുടങ്ങി ഉച്ചക്ക് രണ്ടു മണിയാപ്പോഴേക്കും അഴുത എന്ന പുണ്യ സ്ഥലത്ത് എത്തി. അന്ന് അവിടെ വിശ്രമിക്കാം എന്ന് തിരുമാനിച്ചു. അഴുതാ നദിയുടെ അങ്ങേ കരയിലാണ് ക്ഷേത്രം, അതും കുത്തനെ കയറ്റം കയറണം. നദിയുടെ ഇരുകരകളിലുമായി ഈറ്റ കൊണ്ടുണ്ടാക്കിയ പുരകൾ ധാരാളം, വിരി എന്നാണ് പേര്, തീര്‍ത്ഥടകര്‍ക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയിരിക്കുന്നതാണ്. അതില്‍ ഒരു വിരി ഞങ്ങൾ വാടകക്ക് എടുത്തു. ഞാൻ ഉടനെ തന്നെ ഉറക്കം തുടങ്ങി. അച്ഛൻ എനിക്ക് കാവലായ് ഇരുന്നു മറ്റുള്ളവർ കുളിച്ചു ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. അഞ്ചുമണിയായപ്പോൾ അച്ഛൻ എന്നെ ഉണര്‍ത്തി. ഞങ്ങൾ രണ്ടു പേരും കുളിച്ചു വന്നപ്പോഴേക്കും കഞ്ഞി റെഡി. ചൂട് കഞ്ഞിയും ചമ്മന്തി പൊടിയും കണ്ണി മാങ്ങ അച്ചാറും, വയർ നിറച്ചു കഞ്ഞി കുടിച്ചു, തലേ ദിവസത്തെ ഉറക്ക ബാക്കിയും പതിനാറു കിലോമിറ്റർ നടന്നതിന്റെ ക്ഷീണവും പിന്നെയും ഞാനുറങ്ങി പോയി. രാവിലെ ഏഴു മണിയായപ്പോൾ ഞങ്ങൾ അഴുതാ മേട് കയറി തുടങ്ങി കുത്തനെ ഉള്ള കയറ്റം. പിന്നെ അതേ പോലെ ഉള്ള ഇറക്കവും. ഉച്ച കഴിഞ്ഞു രണ്ടു മണിയായപ്പോൾ കരിമല തുടക്കത്തിലുള്ള കരിയിലാം തോട് എന്ന സ്ഥലത്ത് ചെന്നു. അന്നത്തെ വിശ്രമം അവിടെ. അഴുതയിലുള്ള പോലെ തന്നെ വിശ്രമ സങ്കേതങ്ങൾ കരിയിലാം തോട്ടിലും ഉണ്ട്. പക്ഷെ ഞങ്ങൾ തോടിന്റെ ഓരം ചേര്‍ന്ന് ഉൾ കാട്ടിലേക്ക് കയറി. ഉദ്ദേശം ഒരു കിലോ മിറ്റർ നടന്നപ്പോൾ ഒരു ചെറിയ വെള്ളച്ചാട്ടം, താഴെ ഒരു ചെറിയ തടാകം, അവിടെ നിന്ന് അരുവി പിന്നെയും ഒഴുകുന്നു. ചുറ്റും ഇടതൂർന്ന മരങ്ങൾ, കിളികളുടെ കലപിലാരവം നിര്‍ത്താതെ, ഇടയ്ക്കിടയ്ക്ക് മലമുഴക്കി പക്ഷിയുടെ ശബ്ദം അവിടെ ഞങ്ങൾ മാത്രം. അവാച്യം, അനിര്‍വചനീയം ശ്രീ അയ്യപ്പന്റെ പൂങ്കാവനം. ശരിക്കും ഇവിടമാണ് ഈശ്വര സന്നിധാനം. പക്ഷെ രസകരവും വേദനിപ്പിക്കുന്നതുമായ ഒരു കാര്യം തോട്ട പുഴു അല്ലെങ്കില്‍ അട്ടയാണ്, അതിനു നൂല് വണ്ണമേ ഉള്ളു, അറിയാതെ വന്ന് കടിക്കും, ചോര കുടിച്ചു പന്ത് പോലെ വീര്‍ക്കും, കടി വിട്ടു പോകും. ചോര ക്ലോട്ട് ചെയ്യാതിരിക്കുന്നത് കൊണ്ട് കടി വിട്ടാലും ഏറെ സമയം ചോര വാര്‍ന്നു കൊണ്ടേയിരിക്കും. ഇനി കടിക്കുന്ന സമയത്ത് അറിഞ്ഞാലും വലിച്ചു പറിച്ചാല്‍ അതിന്റെ പല്ല് ദേഹത്ത് തറഞ്ഞിരിക്കും ഇന്‍ഫക്ഷൻ ആകും, ആകെയുള്ള രക്ഷ തീപ്പെട്ടി കൊള്ളി ഉരച്ചു വയ്ക്കുകയോ, ചുണ്ണാമ്പ് പുരട്ടുകയോ ആണ്. ഇവൻ വരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം വാല്‍ ഭാഗം കുത്തി ചാടി ചാടിയാണ് വരവ്. കാനന ഭംഗി നോക്കിനിന്നാല്‍ പറ്റുകയില്ലല്ലോ, കഞ്ഞി വയ്ക്കാനുള്ള തയാറെടുപ്പ് തുടങ്ങി, കുളി കഴിഞ്ഞു കഞ്ഞി കുടിച്ചു, അപ്പോഴേക്കും അഞ്ചു മണിയായി, തിരിച്ചു നടക്കാൻ തുടങ്ങി, നിമിഷ നേരം കൊണ്ട് ഇരുൾ വീണു മാത്രമല്ല ആനയുടെ ചിന്നം വിളി കേട്ട് തുടങ്ങി, എല്ലാവര്‍ക്കും പേടിയായി, അച്ഛൻ എന്നെ വാരി എടുത്തു കൊണ്ട് ഒരോട്ടം വച്ച് കൊടുത്തു, ഒരു വിധത്തില്‍ ഉൾ കാട്ടില്‍ നിന്ന് കരിയിലാം തോട്ടില്‍ എത്തി. അഴുതയിലെ പോലെ വിരി വാടകയ്ക്ക് എടുത്തു ഉറക്കവും തുടങ്ങി. രാവിലെ എട്ടു മണിയായപ്പോഴേക്കും ഞങ്ങൾ കരിമല കയറ്റം തുടങ്ങി. കരിമല കയറ്റം കഠിനം കഠിനം എന്ന് പറയുന്നുണ്ടങ്കിലും എനിക്ക് അത്ര കഠിനമായി തോന്നിയില്ല, ഞങ്ങൾ വളരെ പതിയെ ആണ് കയറിയത്, കരിമല എട്ടു സ്റ്റെപ്പായിട്ടാണ്. ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോൾ കരിമല മുകളിലെത്തി. കരിമല മുകളിലെത്തിയപ്പോഴേക്കും പാത വിജനമായി തുടങ്ങി, മാത്രമല്ല വഴിയിലുള്ള കടക്കാരെല്ലാം ബാക്കി വന്നതെല്ലാം ഉപേക്ഷിച്ച്, വില പിടിച്ചത് മാത്രം എടുത്തു ധൃതിയില്‍ മലയിറങ്ങുന്നത് കണ്ടു. അതെന്താ കാര്യം എന്ന് അന്വേഷിച്ചപ്പോൾ ജ്യോതി കാണാൻ എല്ലാവരും ഇറങ്ങുന്നതാണെന്ന് മനസിലായി, മാത്രമല്ല പാത വിജനമായാല്‍ ആനയിറങ്ങും പിന്നെ അവിടെ തങ്ങുന്നത് പന്തിയല്ല. ഞങ്ങളും വേഗത്തില്‍ മലയിറങ്ങി തുടങ്ങി. കയറ്റം കഠിനമായി തോന്നിയില്ലങ്കിലും ഇറക്കം കുറച്ചു കഠിനം തന്നെ, വളഞ്ഞു പുളഞ്ഞു കുത്തനെ ഇറക്കവും പാറകളും. കരി മല ഇറങ്ങാൻ കയ്യില്‍ ഒരു വടി വേണ്ടത് അത്യാവിശ്യം, കാലില്‍ മാത്രം ബലം കൊടുത്തു ഇറങ്ങാൻ പ്രയാസം. വൈകുന്നേരം ആറു മണിയായപ്പോൾ വലിയാനവട്ടം എന്ന സ്ഥലത്ത് എത്തി മലയിറങ്ങി വന്നവരെല്ലാം അവിടെ തമ്പടിക്കുകയാണ്. ഇനി ഇറങ്ങിയാല്‍ മകര ജ്യോതിസ് കാണാൻ പറ്റുകയില്ല. ഞങ്ങളും സുരക്ഷിതമായി നിൽക്കാൻ ഇടം കണ്ടെത്തി. സമയം ആറര കഴിഞ്ഞു, അവിടെ നിന്ന ആയിരങ്ങളുടെ കണ്ഠത്തില്‍ നിന്ന് മുകളിലേക്ക് നോക്കി സ്വാമിയേ ശരണം അയ്യപ്പ എന്ന മന്ത്രാക്ഷരി കേട്ടു, അങ്ങ് ആകാശത്തില്‍ ഉത്രം നക്ഷത്രം ഉദിച്ചതാണത്, നോക്കി നോക്കി നില്‍ക്കുമ്പോൾ ഒന്നല്ല രണ്ടല്ല എണ്ണമറ്റ കൃഷണ പരുന്തുകൾ ആകാശത്ത് കാണാൻ തുടങ്ങി. എല്ലാവരും നീശബ്ദരായി പൊന്നമ്പലമേട് ലക്‌ഷ്യം വച്ച് ഉറ്റു നോക്കി നില്‍ക്കുകയാണ്. പെട്ടന്ന് അങ്ങകലെ മല മുകളില്‍ ഒരു ദീപ ജ്യോതി പ്രത്യക്ഷപ്പെടുന്നു, വലിയാന വട്ടം ശരണ മന്ത്രത്താല്‍ മുഖരിതമായി. ഉടൻ തന്നെ ജ്യോതി അണഞ്ഞു പിന്നെ രണ്ടു തവണ കൂടി ദീപ ജ്യോതി പ്രത്യക്ഷപ്പെട്ടു.

മകര ജ്യോതി
ഞാൻ ഒന്ന് പറഞ്ഞോട്ടെ ഇവിടെ യുക്തി വേണ്ട നിറഞ്ഞ ഭക്തി മതി, വലിയാനവട്ടം മാത്രമല്ല പമ്പ ഹില്‍ ടോപ്‌, സന്നിധാനം, പുല്‍മേട് ഇവിടങ്ങളിൽ എല്ലാം ലക്ഷകണക്കിന് അയ്യപ്പ ഭക്തന്മാരാണ് മകര വിളക്ക് കണ്ടു സായുജ്യം അണയുന്നത്. മാത്രമല്ല കോടി കണക്കിന് ആളുകൾ ലൈവ് ടെലികാസ്റ്റിലൂടെയും, അവര്‍ക്കൊന്നും ജ്യോതിയുടെ ഉറവിടം അറിയേണ്ടാ, നിറഞ്ഞ ഭക്തി മാത്രമേ ഉള്ളു.

മകര ജ്യോതി കാണാൻ സന്നിധാനത്ത് ഭക്ത സാഗരം
മകര ജ്യോതിസ് കണ്ടു കഴിഞ്ഞതിനു ശേഷം വലിയാന വട്ടത്ത് നിന്ന് പമ്പയിലേക്ക് ജനം ഒഴുകി തുടങ്ങി, ഞങ്ങളും അതില്‍ ചേര്‍ന്ന് എട്ടു മണി യപ്പോഴേക്കും പമ്പയില്‍ എത്തി. സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ജന സാഗരം ഒഴുകുന്ന കാഴ്ച കണ്ടു, മല കയറാൻ വളരെ കുറച്ചു ആളുകളും. ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി പെട്ടന്ന് കുളിച്ചു, ബലി തര്‍പ്പണങ്ങൾ നടത്തി, പമ്പ ഗണപതിയെയും മറ്റു ദേവി ദേവമാരെ വന്ദിച്ച് ഞങ്ങളും മല കയറി തുടങ്ങി. ഒരു മണിയായപ്പോൾ ശബരി മലയില്‍ ചെന്നു. അപ്പോഴേക്കും ദിവസങ്ങളോളം മകര വിളക്ക് കാണാൻ ശബരി മലയില്‍ തമ്പടിച്ചിരുന്ന ഭക്ത ലക്ഷങ്ങളെല്ലാം ശ്രീ അയ്യപ്പനോട്‌ വിട വാങ്ങി കഴിഞ്ഞിരുന്നു. ഈ പറഞ്ഞത് കൊണ്ട് ശബരിമല വിജനമായി എന്ന് കരുതരുതേ, ഞങ്ങളുടെ കൂടെ വന്നവരും, പമ്പ ഹില്‍ ടോപ്പില്‍ നിന്ന് ഇറങ്ങിയവരും, പുല്‍മേട്ടില്‍ നിന്ന് പാണ്ടി താവളം വഴി ഇറങ്ങിയവരുമായി പതിനായിരകണക്കിനാളുകൾ അപ്പോഴും ശബരിമലയില്‍ ഉണ്ട്. 

ശ്രീ അയ്യപ്പൻ റോഡ്‌
പമ്പയില്‍ നിന്ന് ശബരിമലയ്ക്ക് രണ്ടു വഴികൾ ഉണ്ട്, ഒന്ന് പരമ്പരാഗതമായ പാത, മറ്റൊന്ന് ശ്രീ അയ്യപ്പൻ സിനിമ നിര്‍മ്മിച്ച മേരിലാന്‍ഡ്‌ സുബ്രമണ്യം, സിനിമയില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ട് 35 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശ്രീ സുബ്രമണ്യം റിലീജിയസ് ട്രസ്റ്റിന്റെ ശ്രീ അയ്യപ്പൻ റോഡ്‌. പമ്പ ക്ഷേത്ര സമുച്ചയങ്ങളില്‍ നിന്ന് കുറച്ചു കയറിയാലാണ് ഈ പാതകൾ പിരിയുന്നത്. ശ്രീ അയ്യപ്പൻ റോഡ്‌ ജീപ്പുകൾ കയറാൻ പാകത്തിനുള്ളതാണ്. നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരം കുത്തി വഴി പരമ്പരാഗത പാത ശബരി മലയില്‍ എത്തും. ശ്രീ അയ്യപ്പൻ റോഡ്‌ ശബരി പീഠം കഴിഞ്ഞ് പരമ്പരാഗത പാത ക്രോസ് ശബരിമലയില്‍ എത്തും. സാധാരണ പരമ്പരാഗത പാത മല കയറുവാനും, അയ്യപ്പൻ റോഡ്‌ ഇറങ്ങുവാനും ഉപയോഗിക്കുന്നു. അയ്യപ്പൻ റോഡ്‌ വഴിയാണ് കഴുത പുറത്തു സാധനങ്ങൾ കൊണ്ട് പോകുന്നത്. ഈ രണ്ടു പാതകളും ശബരിമലയ്ക്ക് താഴെ വച്ച് സംഗമിക്കും. അവിടെ നിന്ന് നട പന്തല്‍ ആരംഭിക്കും. ദർശനം കഴിഞ്ഞ് ഇറങ്ങുവാൻ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത ഭസ്മ കുളത്തിനരുകിൽ (സന്നിധാനത്തിന് പുറകിൽ) നിന്ന് തുടങ്ങി ഈ പാതകൾ യോജിക്കുന്നതിന് തൊട്ട് മുമ്പ് ശ്രീ അയ്യപ്പൻ റോഡിൽ ചേരുന്നു.

ശബരിമലയിൽ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത
ഞങ്ങൾ ഒരു മണിക്കുറോളം എടുത്തു നട പന്തല്‍ വഴി പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലാൻ. ഇത് വളരെ കുറഞ്ഞ സമയമാണ്, സാധാരണ അഞ്ചും ആറും മണിക്കൂർ എടുക്കും. തിരക്കുള്ളപ്പോൾ ചിലപ്പോൾ ഒരു ദിവസത്തോളമെടുക്കും. ക്യൂ തുടങ്ങുന്നത് ചിലപ്പോൾ ശരം കുത്തിയിൽ നിന്നാകും, ചിലപ്പോൾ ശബരി പീഠം കഴിഞ്ഞുള്ള മര കൂട്ടത്തിൽ നിന്നാകും, ചിലപ്പോഴോ പമ്പയിൽ നിന്ന് തന്നെ ക്യൂ തുടങ്ങാം. വിശാലമായ നടപന്തലിന്റെ കിഴക്ക് വശം കുറച്ച് ഭാഗം തിരക്ക് ഇല്ലാത്തപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങാനുള്ളതാണ്. അപ്പോൾ അവിടെ വിരി വയ്ക്കാനും അനുവദിയ്ക്കും, പന്തലിന്റെ കിഴക്ക് വശത്ത് നിരയായി കടകളുമുണ്ട്. കടകൾക്ക് താഴെയാണ് വെടി വഴിപാടിനുള്ള സ്ഥലം. നട പന്തലിന്റെ പടിഞ്ഞാറ് എട്ട് നിരകളായ് കമ്പി അഴികൾ ഇട്ടു തിരിച്ചിരിക്കുന്നു. അതിൽ കിഴക്ക് വശത്തുള്ള രണ്ട് നിരകൾ ഓണ്‍ ലൈനിൽ ബുക്ക്‌ ചെയ്ത് വരുന്നവർക്കാണ്. കേരള പോലിസാണ് വിർച്ചുൽ ക്യൂ എന്ന ഈ ഓണ്‍ ലൈൻ സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. പടിഞ്ഞാറ് വശത്തേ ആറ് നിരകൾ ബുക്ക്‌ ചെയ്യാതെ വരുന്നവർക്ക് വേണ്ടിയാണ്. ബാച്ച് ആയാണ് നടപന്തൽ വഴി ആളുകളെ പോലിസയ്യപ്പന്മാർ വിടുന്നത്. 
നട പന്തൽ
തിരക്കുള്ളപ്പോൾ നട പന്തൽ നിറച്ചു ആളുകളുണ്ടാവുമെങ്കിലും തിരക്ക് കുറവുള്ളപ്പോൾ ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ച് ഓടുന്നത് കാണാൻ രസമാണ്, നേരിട്ട് കണ്ടാലേ അതിന്റെ രസം മനസിലാവുകയോള്ളൂ. നട പന്തൽ കഴിഞ്ഞ് കുറച്ച് പടികൾ കയറി ചെന്നാൽ വിശാലമായ തിരുമുറ്റത്ത് എത്തും. വടക്ക് ഭാഗത്ത് കർപ്പൂരാഴി, ആൽ, വഴിപാട്‌ കൗണ്ടർ എന്നിവ കാണാം. തെക്ക് ഭാഗത്ത് തിരു മുറ്റം മാളികപ്പുറം ചുറ്റി പാണ്ടി താവളത്തിലേയ്ക്ക്‌ പോകാൻ കയറുന്ന പടികൾ വരെ നീളുന്നു. തിരു മുറ്റത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഫ്ലൈ ഓവർ നട പന്തലിലെ കടകൾക്ക് മുകളിൽ കൂടെ നടപന്തൽ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു. തിരക്കുള്ളപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങുന്നവരെ ഈ ഫ്ലൈ ഓവർ വഴിയും ആർമി നിർമ്മിച്ച പാതയിലൂടെയും മാത്രമേ വിടൂ.

ഫ്ലൈ ഓവറിലെ തിരക്ക്
പതിനെട്ടാം പടിക്ക് താഴെ തേങ്ങ അടിച്ച് പടി കയറാനുള്ള തയാറെടുപ്പിലായി. പതിനെട്ടാം പടിക്ക് താഴെ തെക്ക് വശത്ത് വലിയ കടുത്ത സ്വാമിയുടെയും വടക്ക് വശത്ത് കറുപ്പ സ്വാമിയുടെയും, കറുപ്പായി അമ്മയുടെയും കോവിലുകൾ ഉണ്ട്. ഈ കോവിലുകൾക്കും പതിനെട്ടാം പടിയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തേങ്ങ ഉടയ്ക്കേണ്ടത്. പതിനെട്ടാം പടിയുടെ ഓരോ പടിക്കും രണ്ടു വശത്തുമായി രണ്ടു പോലിസയ്യപ്പന്മാർ വീതം നില്‍ക്കുന്നുണ്ട്. അവരെ സമ്മതിക്കണം, പോലിസിനെ പറ്റി എന്തൊക്കെ ആക്ഷേപങ്ങളുണ്ടെങ്കിലും ശബരി മലയില്‍ അവരുടെ സേവനം മഹനീയമാണ്. പക്ഷെ എനിക്ക് അവരുടെ സേവനം ഇഷ്ടമായില്ല, കാര്യം ഒരു പടിയും തൊടാൻ അവർ എന്നെ സമ്മതിച്ചില്ല. ഓരോരുത്തർ കൈമാറി കൈമാറി മുകളില്‍ എത്തിച്ചു. പതിനെട്ടാം പടിയുടെ മുകളില്‍ നിന്ന് മേൽ പാലം വഴി കറങ്ങി അയ്യപ്പ സ്വാമിയേ തൊഴുത്‌, മാളിക പുറത്തമ്മയെ തൊഴുത്‌ താഴെ ഇറങ്ങി പോലിസ് ബാരക്കിനോടുള്ള ചേര്‍ന്നുള്ള ഒരു വിരി വാടകയ്ക്ക് എടുത്ത് ഉറക്കം തുടങ്ങി. ഞാൻ മാത്രമേ ഉറങ്ങിയോള്ളൂട്ടോ മറ്റുള്ളവര്‍ക്കെല്ലാം പിടിപ്പതുപണിയുണ്ടായിരുന്നു നൈയ്യഭിഷേകം കഴിക്കണം, അപ്പം അരവണ വാങ്ങണം എന്നിത്യാതി. എതായാലും ഞാൻ പത്ത് മണി വരെ ഉറങ്ങി, എന്നെ ആരും ശല്യപെടുത്തിയില്ല, ആരെങ്കിലും ഒരാൾ എനിക്ക് കാവലിരിക്കും, മറ്റുള്ളവർ ബാക്കി കാര്യങ്ങൾ ചെയ്യും. അച്ഛൻ എന്നെ കൊണ്ട് പോയി പ്രഭാതകൃത്യങ്ങൾ ചെയ്യിപ്പിച്ചു കുളിപ്പിച്ച് വന്നപ്പോഴെക്കും എല്ലാവരും തിരികെ പോകാൻ റെഡിയായി. അയ്യപ്പ സ്വാമി, മാളികപുറത്തമ്മ, നാഗ ദൈവങ്ങൾ, കൊച്ചു കടുത്ത, വലിയ കടുത്ത, വാവര്, കറുപ്പ സ്വാമി, കറുപ്പായി അമ്മ എന്നിവരെ കണ്ടു വിട പറഞ്ഞു, മണി മണ്ഡപം ദര്‍ശിച്ചു, ഭസ്മകുളം ദര്‍ശിച്ചു, ക്കുഴി ചുറ്റി പാണ്ടി താവളം വഴി പുല്‍മേട് കയറാൻ തുടങ്ങി.

പുല്‍മേട്
പണ്ടു കാലം മുതല്‍ തമിഴ് നാട്ടുകാര്‍ക്ക് ശബരി മലയില്‍ എത്താനുള്ള എളുപ്പ വഴി കുമളിയില്‍ നിന്ന് പുല്‍മേട് കയറിയിറങ്ങിയാണ്, ആ വഴി 45 കിലോ മീറ്ററോളം വരും. പാണ്ടി താവളത്തില്‍ നിന്ന് 10 കിലോ മീറ്റർ കയറിയാല്‍ (ഇടതൂർന്ന കാടാണ് ചുറ്റും, ഒരു ഭാഗം വല്യ കൊല്ലിയും) പുല്‍മേട്ടില്‍ എത്താം. പുല്‍മേട്ടില്‍ എത്തുന്നതിനു തൊട്ടു മുന്‍പ് താഴോട്ടു നോക്കിയാല്‍ വളരെ താഴെ ചെറുതായി സന്നിധാനം കാണാം. മുകളിലെത്തിയാല്‍ അവിടെ വൻവൃഷങ്ങൾ ഒന്നും തന്നെ ഇല്ല, പുല്‍ തൈലം വാറ്റുന്ന പുല്ല് മാത്രമേ കാണു, മാത്രമല്ല നല്ല കാറ്റുമാണവിടെ പുല്‍മേടു കയറി ഇറങ്ങല്‍ എട്ട് കിലോ മീറ്റർ കാണും. പുൽ മേട് ഇറങ്ങി ചെല്ലുന്ന സ്ഥലത്തിനു ഉപ്പുപാറ താവളം എന്ന് പറയും. അവിടെ നിന്ന് കെഎസ്ആർടിസി ബസ്സില്‍ വണ്ടി പെരിയാറില്‍ എത്തി.
Content collected, sorted, edited by Prasannan, All write reserved