Tuesday 25 November 2014

എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം

എരുമേലി വാസാ ശരണം അയ്യപ്പ, പേട്ടയും തുള്ളി ശരണം അയ്യപ്പ
വാവരെ തൊഴുതു ശരണം അയ്യപ്പ, ശബരിമലയ്ക്ക് ശരണം അയ്യപ്പ.........

ശബരിമല ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്ന് കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേയ്ക്ക് ദൂരം 50 കിലോ മീറ്റർ ആണ്. ഉത്തര കേരളത്തിൽ നിന്ന് വരുന്ന അയ്യപ്പന്മാർ അങ്കമാലി, പെരുമ്പാവൂർ, തൊടുപുഴ, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്താറുണ്ട്. പാലയ്ക്ക് അടുത്തുള്ള കടപ്പാട്ടൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അപ്രകാരം ചെയ്യുന്നത്. ശബരി മല തീർഥാടകർ എരുമേലി വഴി പോകണം എന്നാണ് പണ്ട് മുതലേയുള്ള ചിട്ട. കേരളീയ മാതൃകയിൽ നിർമ്മിച്ച എരുമേലി ക്ഷേത്രത്തിൽ കൈയ്യിൽ ആയുധമായി ഒരു അമ്പുമായി നിൽക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമേകി അയ്യപ്പ സ്വാമി മരുവുന്നു. മഹിഷി നിഗ്രഹത്തിന് ഉപയോഗിച്ച അമ്പാണത്രെ അത്. കുംഭ മാസത്തിൽ ഉത്രം ആറാട്ടായി 10 ദിവസമാണ് ഉത്സവം. എരുമയെ കൊന്ന സ്ഥലമാണ് എരുമേലി ആയത്, എരുമയുടെ രക്തം വീണ കുളം രുധിര കുളം ഇപ്പോൾ ഉതിര കുളമാണ്. പണ്ട് റാന്നി കർത്താവ് എന്ന നാട്ടു രാജാവിന്റെ വകയായിരുന്നു ക്ഷേത്രം, ആലമ്പിള്ളി എന്നായിരുന്നു അന്ന് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലത്തിന്റെ പേര്.

ശബരിമല തീർത്ഥടകർ എരുമേലിയിൽ വന്ന് ദർശനം നടത്തിയതിന് ശേഷം വേണം മല ചവിട്ടാൻ എന്നതാണ് വിശ്വാസം. ആദ്യമായി ശബരി മലയ്ക്ക് പോകുന്നവർ നിശ്ചയമായും എരുമേലിയിൽ പേട്ട കെട്ടി കഴിഞ്ഞ് വേണം ശബരിമലയിലേയ്ക്ക് തിരിക്കാൻ. പേട്ട കെട്ടുന്നതിനു മുമ്പ് എരുമേലി ശാസ്താവിന്  മുന്നിൽ പ്രായശ്ചിത്തം ചെയ്യണം ഒരു വെറ്റിലയും അതിൽ ഒരു അടയ്ക്കയും ഒരു രൂപ നാണയവും വച്ച് ഭഗവാനേ വൃതവേളയിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളെല്ലാം പൊറുത്ത് പതിനെട്ടാംപടി കയറാൻ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ച് ഭണ്ഡാരത്തിൽ ഇടണം. അനന്തരം പേട്ട കെട്ടിന് തയാറാകണം എരുമേലിയിൽ നിന്ന് പേട്ടയിലെയ്ക്കുള്ള അര കിലോ മീറ്റർ ദൂരത്തിൽ പേട്ട കെട്ടാനുള്ള സധന സമിഗ്രികൾ വില്ക്കുന്ന ഒട്ടനവധി കടകളുണ്ട് അവിടെ നിന്ന് പേട്ട കമ്പ് (മൂന്നു കോൽ നിളമുള്ള ഒരു വടി) കുറച്ചു പച്ചകറികൾ കുറച്ചു കിഴങ്ങ് വർഗങ്ങൾ മുഖത്തും ദേഹത്തും തേയ്ക്കാനുള്ള വർണ്ണ പൊടികൾ എന്നിവ വാങ്ങി കൊച്ചമ്പലത്തിലേയ്ക്ക് (പേട്ട ശാസ്താ ക്ഷേത്രം) പോകണം. പേട്ട കെട്ടിന് അകമ്പടി സേവിക്കാ കുഴൽ വിളിക്കാരും തകിൽക്കാരും വാടകയ്ക്ക് വരും. പേട്ട ക്ഷേത്രത്തിൽ ചെന്ന് പച്ച കറികളും കിഴങ്ങ് വർഗങ്ങളും തുണിയിൽ പൊതിഞ്ഞ് പേട്ട കമ്പിന്റെ നടുക്ക് കെട്ടി വർണ്ണ പൊടികൾ മുഖത്തും ദേഹത്തും പൂശി കുഴൽ വിളിക്കാരന്റെയും തകിൽക്കാരന്റെയും അകമ്പടിയോടെ തുള്ളി ചാടി  കൊണ്ട് പേട്ട ക്ഷേത്രം വലം വച്ച് വാവരു പള്ളിയിൽ കയറി വലം വച്ച് എരുമേലി ക്ഷേത്രത്തിൽ ചെല്ലണം. പേട്ട കെട്ടുമ്പോൾ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന് ഉച്ചത്തിൽ വിളിക്കണം (അയ്യപ്പൻ എന്റെ അകത്ത് സ്വാമി എന്റെ അകത്ത് എന്നതാണത്രെ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം). എരുമേലി ക്ഷേത്രത്തിൽ ചെന്ന് മൂന്നു വലം വച്ച് നടയ്ക്കൽ ചെന്ന് വന്ദിച്ച് പേട്ട കെട്ട് അവസാനിപ്പിക്കാം. ശേഷം അമ്പലത്തിനു മുമ്പിലുള്ള തോട്ടിൽ ഇറങ്ങി കുളിച്ച് കുറച്ചു നേരം വിശ്രമിച്ച്‌ മല ചവിട്ടാൻ തുടങ്ങാം. മല ചവിട്ടാൻ തുടങ്ങുന്നതിനു മുമ്പ് കന്നിക്കാർ ശബരി പീഠത്തിൽ തൂക്കാനുള്ള കച്ചയും ശരം കുത്തിയിൽ കുത്താനുള്ള ശരവും വാങ്ങുവാൻ മറക്കരുത്.

ധനു ഇരുപതാം തിയതി മുതലേ പേട്ട കെട്ടുവാൻ പാടോള്ളൂ എന്നതാണ് ആചാരമെങ്കിലും അന്യസംസ്ഥാനത്ത് നിന്ന് വരുന്ന നൂറുകണക്കിന് അയ്യപ്പ ഭക്തർ വൃശ്ചികം ഒന്ന് മുതലേ പേട്ട കെട്ടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. അമ്പലപ്പുഴ ആലങ്ങാട്ട് സംഘക്കാരാണ് അവസാനം പേട്ട കെട്ടേണ്ടത്. അമ്പലപ്പുഴ സംഘം അയ്യപ്പന്റെ അച്ഛൻ താവഴിയും ആലങ്ങാട്ടുകാർ അമ്മ താവഴിയും എന്നണ് വിശ്വാസം. ധനു ഇരുപത്തെഴിനാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘക്കാരുടെ പേട്ട കെട്ട്. ആദ്യം അമ്പലപ്പുഴ സംഘക്കാർ പേട്ട കെട്ടും ആ സമയം ആകാശത്ത് കൃഷ്ണ പരുന്തുകൾ വട്ടമിട്ടു പറക്കും. അമ്പലപ്പുഴ സംഘക്കാരുടെ പേട്ട കെട്ട് കഴിഞ്ഞാൽ വൈകിട്ട് മൂന്നു മണിയോടെ ആലങ്ങാട് സംഘക്കാർ പേട്ട കെട്ടും പൂർവ രാശിയിലപ്പോൾ വളരെ വ്യക്തതയോടെ നക്ഷത്രം തെളിയും. ഉദായനനുമായുള്ള യുദ്ധത്തിന് മുന്നോടിയായി അയ്യപ്പ നിർദ്ദേശ പ്രകാരം വാവർ മറ്റല്ലായിടത്തും സഹായ അഭ്യർത്ഥന നടത്തി എന്നാൽ ആലങ്ങാടുകാരുടെ അടുത്ത് ചെല്ലാൻ മാത്രം മറന്നു പോയി അതിന്റെ കെറുവ് എന്നോണം ആലങ്ങാട് സംഘക്കാർ പേട്ട കെട്ടി വരുമ്പോൾ ഇപ്പോഴും വാവരു പള്ളിയിൽ കയറാറില്ല. ഈ വർഷം (2014) അമ്പലപ്പുഴ ആലങ്ങാട് സംഘക്കാർ ഒന്നിച്ചാണ് പെട്ട കെട്ടിയത്. അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ പതിനെട്ടാം പടി ചവിട്ടാവൂ എന്നാണ് വിശ്വാസം. മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരു പള്ളിയും അയ്യപ്പ ക്ഷേത്രങ്ങളും എരുമേലിയിൽ നില കൊള്ളുന്നു.
Content collected, sorted, edited by Prasannan, All write reserved  

No comments:

Post a Comment