Tuesday 25 November 2014

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം നാല്)

അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മ ദിഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗം തന്നെയാണ്‌ തീര്‍ഥാടനം. ശാന്തി, വിശുദ്ധി, ആത്മ സാക്ഷാത്‌കാരം ഇവയ്ക്ക്  വേണ്ടിയുള്ള അന്വേഷണമാണ്‌ ശബരിമല തീര്‍ഥാടന ലക്ഷ്യം. ആ യാത്രയില്‍ പരമ പവിത്രമായ പതിനെട്ടാം പടിയും തീര്‍ഥാടകന്‍ പിന്നിടുന്നു. വിജയത്തിലേക്കുള്ള പതിനെട്ട് പടികള്‍ കടന്നു ചെല്ലുന്ന അവന്‍ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവായി സാക്ഷാത്‌കരിക്കപ്പെടുന്നു. പക്ഷേ, ഒരു സാധാരണ ഭക്തന്‌ പതിനെട്ടാം പടിയുടെ വിപുലമായ അര്‍ഥം ഉൾക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. വേദ ശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമ സത്യത്തെ തന്നെയാണ്‌ സത്യമായ പൊന്ന് പതിനെട്ടാം പടിയും സൂചിപ്പിക്കുന്നത്‌. പള്ളി കെട്ട് തലയിൽ ഏറ്റിയവർക്ക് മാത്രമേ പതിനെട്ടാം പടി ചവിട്ടുവാന്‍ പാടോള്ളൂ (കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സിനിമാ നടൻ പള്ളി കെട്ട് അലക്ഷ്യമായി തോളത്ത് വച്ച് പതിനെട്ടാം പടി കയറുന്നത് കണ്ടു അത് തെറ്റാണ്). അയ്യപ്പന്മാര്‍ പടിക്കടുത്തുള്ള നാളികേരം ഉടയ്ക്കാനുള്ള സ്ഥലത്ത് തേങ്ങയുടച്ച്‌ വലത് കാല്‍ വച്ച്‌ കയറണം. ധ്യാന നിരതനായ ഭക്തന്റെ മനസ്സ്‌ സ്ഥൂല സൂക്ഷ്‌മ ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന “കാരണത്തിലെത്തി” ലയിക്കണം. ഇതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്‌ തേങ്ങ ഉടയ്‌ക്കല്‍ ചടങ്ങ്‌. ഇവിടെ തേങ്ങയുടെ ചിരട്ട സ്ഥൂലശരീരത്തെയും, പരിപ്പ്‌ സൂക്ഷ്‌മശരീരത്തെയും, ഉള്ളിലുള്ള വെള്ളം “കാരണത്തെയും” സൂചിപ്പിക്കുന്നു.

പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്‌. ആ പതിനെട്ട് മലകളും ചവിട്ടി മല നടയിൽ എത്തുന്നു എന്നാണ്‌ വിശ്വാസം. പതിനെട്ടാം പടിയിലെ ഓരോ പടിയും ഓരോ മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്‌. കാള കെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരി, കരിമല, നീലിമല, പൊന്നമ്പല മേട്‌, ചിറ്റമ്പല മേട്‌, മൈലാടും മേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍ മല, ശ്രീപാദ മല, കല്‍ക്കി മല, മാതംഗ മല, സുന്ദര മല, നാഗ മല, ഗൗണ്ട മല, ശബരി മല എന്നിവയാണാ പതിനെട്ട് മലകള്‍. ഒരു സാധാരണ വിശ്വാസിക്ക്‌ അഗമ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ്‌ പതിനെട്ടാം പടിയെന്നു പറയുന്നു. അതല്ല മോക്ഷ പ്രാപ്തിയ്ക്ക് മുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ട് ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്‌, ചെവി, നാക്ക്‌, മൂക്ക്‌, തൊലി), ആറ് മുതൽ പതിമൂന്നാമത് വരെയുള്ള എട്ട് പടികള്‍ പടികള്‍ അഷ്ട രാഗങ്ങളെ (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ) പ്രതിനിധീകരിക്കുന്നു. പതിനാല് മുതല്‍ പതിനാറ് വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രി ഗുണങ്ങളായ സത്വ ഗുണം, രജോ ഗുണം, തമോ ഗുണം എന്നിവയെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന പതിനേഴ്‌, പതിനെട്ട്  പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന്‌ ഈ ലോകമാകുന്ന മായയില്‍ നിന്ന്‌ മോചനം നേടാനാവൂ. പതിനെട്ട് എന്ന അക്കത്തിന്‌ ഹൈന്ദവ ധർമ്മത്തിൽ വലിയ പ്രാധാന്യമുണ്ട്‌. ഭഗവദ്‌ ഗീതയില്‍ പതിനെട്ട് അധ്യായങ്ങളാണുള്ളത്‌, കുരുക്ഷേത്ര യുദ്ധം പതിനെട്ട് ദിവസം നീണ്ടു നിന്നു, പുരാണങ്ങള്‍ പതിനെട്ടാണ്. നാല് വേദങ്ങളും ആറ് ശാസ്‌ത്രങ്ങളും അഞ്ച് ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും പതിനെട്ട് എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും പതിനെട്ട് അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ്‌ തേടുന്ന വഴിയാണ് പതിനെട്ടു പടികള്‍. പടികള്‍ ചവുട്ടിക്കയറാനുള്ള യോഗ്യത നേടലാണ്‌ വ്രത കാലത്ത്‌ ഭക്തന്‍ ചെയ്യേണ്ടത്‌. ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വ ബുദ്ധി എന്നിവയാണാ യോഗ്യത. യമ നിയമ പാലനം വഴിയേ ഈ യോഗ്യത കൈ വരിക്കൂ. വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ബ്രഹ്മചര്യം, അസ്തേയ (ആഗ്രഹങ്ങളേറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക), അപരിഗ്രഹ (അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക) എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് യമ നിയമങ്ങള്‍.


പടികളിൽ നാളികേരമുടച്ച് കേറണം എന്നായിരുന്നു ആചാരം. കന്നിക്കാരൻ ഒന്നാം പടിയിൽ, രണ്ടാമത്തെ വർഷം വരുന്നയാൾ രണ്ടാമത്തെ പടിയിൽ എന്ന് തുടങ്ങി പതിനെട്ടാം വർഷം വരുന്നയാൾ പതിനെട്ടാം പടിയിൽ. പതിനെട്ട് വർഷം തുടർച്ചയായി വരുന്നയാൾ പെരിയ സ്വാമിയാകും അദ്ദേഹത്തിന് സന്നിധാനത്തിനു സമീപം ഒരു തെങ്ങ് വയ്ക്കാൻ അവകാശമുണ്ട്. പിന്നെ അദ്ദേഹം അടുത്ത വർഷം വരുമ്പോൾ കന്നിക്കാരനായി വരണം എന്നും ആചാരമുണ്ടായിരുന്നു. അത് പോലെ ശരിമലയിൽ നിന്ന് തിരിച്ചു പോരുമ്പോൾ പതിനെട്ടം പടി വഴി തിരിഞ്ഞു ഇറങ്ങണം എന്നും (ഭഗവാനെ നോക്കി കൊണ്ട്) ഇറങ്ങുമ്പോൾ പതിനെട്ടം പടിയിൽ നാളികേരം ഉടയ്ക്കണം എന്നും ആചാരമുണ്ടായിരുന്നു. കരിങ്കല്ല് കൊണ്ടുണ്ടാക്കിയ പടികൾ നൂറ്റാണ്ടുകളോളം നാളികേരമുടച്ചുടച്ച്‌ പതുക്കെ പൊട്ടി തുടങ്ങിയത് കൊണ്ട് 1985ൽ പഞ്ചലോഹം പൊതിഞ്ഞു. പതിനെട്ടാം പടി കയറുന്നതിനു മുമ്പ് വലതു വശത്തും ഇടതു വശത്തും നിർമ്മിച്ച പ്രത്യേക സ്ഥലങ്ങളിൽ മാത്രം നാളികേരം ഉടയ്ക്കണം എന്നും നിശ്ചയിച്ചു (വലതു വശത്ത് പതിനെട്ടാം പടിയ്ക്കും കറുപ്പസ്വാമി കറുപ്പായിഅമ്മ കോവിലിനും ഇടയ്ക്കുള്ള സ്ഥലത്തും ഇടതു വശത്ത് പടിയ്ക്കും വലിയ കടുത്ത സ്വാമി കോവിലിനും ഇടയ്ക്കുള്ള സ്ഥലത്തും).

തന്ത്രിയ്ക്ക് എപ്പോൾ വേണമെങ്കിലും ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാം. പ്രത്യേക സമയങ്ങളിൽ ചില വ്യക്തികൾക്കും ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാം. പടി പൂജാ വേളയിൽ മേല്‍ശാന്തി പരികര്‍മ്മികൾ, തിരുവാഭരണത്തെ അനുഗമിച്ചെത്തുന്ന രാജ പ്രതിനിധി, തിരുവാഭരണ തങ്ക അങ്കി ഘോഷയാത്രകൾ സ്വീകരിക്കാൻ അയ്യപ്പ ഭഗവാന്റെ ജ്ഞ വാങ്ങി ശ്രീകോവിലിൽ നിന്ന് മാലയണിഞ്ഞ് എത്തുന്ന ദേവസ്വം പ്രതിനിധികള്‍ എന്നിവരാണവർ.
ശബരി മല പൂജ സമയങ്ങൾ

നട തുറക്കൽ - 04:00 AM
നിർമാല്യം - 04:05 AM
ഗണപതി ഹോമം - 04:15 AM
നെയ്യഭിഷേകം - 04:30 AM to 11:30 AM
ഉഷ പൂജ -
07:30 AM
അഷ്ടാഭിഷേകം -
08:00 AM
ഉച്ച പൂജ -
01:00 PM
നട അടയ്ക്കൽ -
01:30 PM
നട തുറക്കൽ -
04:00 PM
ദീപാരാധന -
06:30 PM
പുഷ്പഭിഷേകം -
07:00 PM
അത്താഴ പൂജ - 10:30 PM
ഹരിവരാസനം - 10:55 PM
നട അടയ്ക്കൽ - 1
1:00 PM

ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ്‌ പടിപൂജ. പന്ത്രണ്ട് വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമാണ്‌ പണ്ട് പടി പൂജ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അതു മിക്ക ദിവസങ്ങളിലും (തീര്‍ഥാടന കാലത്തും മാസ പൂജയ്ക്ക് നട തുറക്കുമ്പോഴും) നടക്കുന്നു. ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇതു തന്നെ, 40001 രൂപയാണ്‌ വഴിപാടുനിരക്ക്‌. അത്താഴ പൂജയ്‌ക്കു മുമ്പ്‌ ഒരു മണിക്കൂറിലധികം നീളുന്നതാണ് ഈ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിര്‍ത്തിവെക്കും. മുപ്പത് നില വിളക്കുകള്‍, 18 നാളികേരം, 18 കലശ വസ്‌ത്രങ്ങള്‍, 18 പുഷ്‌പഹാരങ്ങള്‍ എന്നിവ പടി പൂജയുടെ പ്രത്യേകതയാണ്‌.

പതിനെട്ടാംപടി കടന്നു ചെന്നാല്‍ കാണുന്നത്‌ ഭട്ടബന്ധം പൂണ്ട്‌ യോഗ സമാധി പൊരുളായി ചിന്മുദ്രയും കാട്ടി ഇരിക്കുന്ന അയ്യപ്പനെയാണ്‌. ചിത്‌ എന്ന ധാതു മുദ്രയോടുകൂടി ചേർന്നതാണ്‌ ചിൻമുദ്ര (ചിന്മുദ്ര). ചിത്‌ എന്നാൽ ജ്ഞാനം, ചിൻമുദ്ര ജ്ഞാന മുദ്രയാണ്‌. വലതു കൈയ്യിലെ ചെറു വിരൽ, മോതിര വിരൽ, നടു വിരൽ എന്നിവ നിവർത്തിപ്പിടിച്ച്‌ ചൂണ്ടു വിരൽ തള്ള വിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെയ്ക്കുന്നതാണ്‌ ചിൻമുദ്ര. ചെറു വിരൽ, മോതിര വിരൽ, നടു വിരൽ എന്നിവ നിവർത്തി പിടിച്ചിരിക്കുന്നത്‌ ഒരു മനുഷ്യൻ സാധാരണ കടന്നു പോകുന്ന മൂന്ന്‌ അവസ്ഥകളായ ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നിവയെ ഉദ്ദേശിച്ചാണ്‌. ചൂണ്ടുവിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെച്ചിരിക്കുന്നത്‌ തുരീയം എന്ന നാലാമത്തെ അവസ്ഥയെ ഉദ്ദേശിച്ചാണ്‌. വൃത്തത്തിന്‌ ആരംഭവും അവസാനവും ഇല്ല. അതു പോലെ തന്നെയാണ്‌ തുരീയവും. ഈ തുരീയം സ്വരൂപമാണെന്ന്‌ അറിയുക എന്ന്‌ ഉപദേശിക്കുന്നതിനാണ്‌ ചിൻ മുദ്ര കാണിക്കുന്നത്‌. ഇരിക്കുന്ന അയ്യപ്പ സ്വാമിയുടെ രണ്ടു കാലുകളും ബന്ധിച്ചു ബാർ പോലെ കാണുന്നതാണ് ഭട്ട ബന്ധം. പിതൃ തുല്യനായ പന്തളം രാജാവ് വരുമ്പോൾ എഴുന്നേൽക്കാതെ ഇരിക്കാനാണ് ഭട്ട ബന്ധം വച്ചിരിക്കുന്നത്. ഭട്ട ബന്ധത്തിൽ ഇരിക്കുന്ന അയ്യപ്പൻ എഴുന്നേൽക്കാൻ ശ്രമിച്ചു വേദനിക്കാതെ രിക്കാൻ പന്തളത്ത് നിന്ന് രാജ സ്ഥാനീയരായ ആരെങ്കിലും ദർശനം നടത്തിയാൽ നേരെ നിൽക്കാതെ ഒഴിഞ്ഞു മാറി നിന്നെ തൊഴുവാറോള്ളൂ.


 എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് ഉടുക്കു കൊട്ടി പാടുന്ന ഹരി വരാസനം ഭഗവാന്റെ ഉറക്ക് പാട്ടാണ്. ഹരി വരാസനം പാടിത്തീരുമ്പോഴേക്കും പരി കർമ്മികൾ നട ഇറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നില വിളക്കും അണച്ച് മേൽ ശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപ ഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരി വരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ട എട്ട് പാദങ്ങളാണ് ഉള്ളത്. പരക്കെയുള്ള വിശ്വാസം കമ്പക്കുടി കുളത്തൂർ സുന്ദരേശ അയ്യരാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ്. മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി ഐതീഹ്യമുണ്ട്. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. പന്തളത്ത് നിന്നും പുലി പാലിന് പോയ അയ്യപ്പൻ വിശന്നു വലഞ്ഞ് കാട്ടിനുള്ളിൽ കണ്ട ഒരു ചെറു കുടിലിൽ കയറി ചെന്നു. അവിടെ ഉണ്ടായിരുന്ന വയസ്സായ പാട്ടി കമ്പ് എന്ന ധാന്യം അരച്ച് കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നു വന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ കമ്പക്കുടി എന്നറിയപ്പെടുമെന്ന് സ്വാമി അരുൾ ചെയ്തുവത്രേ. വിമോചനാനന്ദ സ്വാമികളായി മാറിയ കൃഷ്ണൻ നായർ അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചു. കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളിൽ ഫോട്ടോ വച്ച് പൂജിക്കുന്നുണ്ട്. ഹരിവരാസന കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. വിമോചനാനന്ദ 1955ൽ ശബരിമലയിൽ ഈ കീർത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുന്നത്. വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസന കീർത്തനം അയ്യപ്പന്റെ ഉറക്ക് പാട്ടായി അംഗീകരിക്കപ്പെട്ടു.

അതേ സമയം ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് 1923ൽ ഹരിവരാസന കീർത്തനം രചിച്ചത് എന്ന അവകാശ വാദവുമായി 2007ൽ അവരുടെ ചെറു മകൻ എത്തുകയുണ്ടായി. 1930 മുതൽ തന്നെ ഭജന സംഘക്കാർ ഈ പാട്ട് പാടി മലകയറിയിരുന്നെന്നും അവകാശപ്പെടുന്നു. വിമോചാനന്ദയാണ് ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിന് ഇത് വിരുദ്ധമാണ്. 1940കളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴക്കാരനായ വീ ആർ ഗോപാല മേനോൻ എന്നൊരു ഭക്തൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസിച്ചിരുന്നു. അന്ന് ശബരിമല മേൽ ശാന്തിയായിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനയ്ക്ക് ഹരിവരാസനം പാടിയിരുന്നു. ദേവസ്വം ബോർഡ് ശബരിമല ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടി പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞ മേൽശാന്തി അന്ന് നടയടക്കും മുമ്പ് മേനോനെ അനുസ്മരിച്ച് ഹരിവരാസനം ആലാപിച്ചു. അങ്ങിനെ അതൊരു പതിവായി എന്നും കേൾക്കുന്നുണ്ട്.


ഹരിവരാസനം വിശ്വ മോഹനം, ഹരിദധീശ്വരം ആരാധ്യ പാദുകം
അരിവി മർദ്ദനം നിത്യ നർത്തനം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണ കീർത്തനം ശക്ത മാനസം, ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂത നായകം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

പ്രണയ സത്യകം പ്രാണ നായകം, പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തന പ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

തുരഗ വാഹനം സുന്ദരാനനം, വരഗദായുധം ദേവവർണ്ണിതം
ഗുരു കൃപാകരം കീർത്തന പ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ത്രിഭുവനാർച്ചിതം ദേവതാത്മകം, ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭവഭയാപഹം ഭാവുകാവഹം, ഭുവന മോഹനം ഭൂതി ഭൂഷണം
ധവള വാഹനം ദിവ്യ വാരണം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കളമൃദുസ്മിതം സുന്ദരാനനം, കളഭ കോമളം ഗാത്ര മോഹനം
കളഭ കേസരി വാജി വാഹനം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശ്രിത ജന പ്രിയം ചിന്തിത പ്രദം, ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതലാലസം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിവരാസന കീർത്തനം ശ്യാമ, നീലാംബരി, മോഹനം, കല്യാണി തുടങ്ങിയ രാഗങ്ങളിലും പാടുന്നുണ്ട്. അത് പോലെ കുറച്ചു കൂടി ഭക്തി ലയിപ്പിച്ച് ഇടയ്ക്ക് സ്വാമി എന്നും ചേർത്ത് പാടുന്നതും കേൾക്കുന്നുണ്ട്.

ഹരിവരാസനം സ്വാമി വിശ്വ മോഹനം, ഹരിദധീശ്വരം സ്വാമി ആരാധ്യ പാദുകം
അരിവി മർദ്ദനം സ്വാമി നിത്യ നർത്തനം, ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

എന്ന പോലെ. സാധാരണ ജനങ്ങൾക്കും മനസ്സിലാവുന്ന രീതിയിലാണ് ഈ കീർത്തനം എങ്കിലും, ചില അർത്ഥ വിത്യാസം കാണുന്നുണ്ട്. അത് കൊണ്ട് സാമാന്യമായി കീർത്തനത്തിന്റെ അർത്ഥം എഴുതുന്നു.

ആദ്യ പാദം - ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെ മുഴുവൻ ആകർഷിക്കുന്നവനും, ദിക്കുകളുടേ ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങൾ ഉളളവനും, ശത്രു നാശകനും, നിത്യവും നർത്തനം ചെയ്യുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. രണ്ടാം പാദം - ശരണാഗത രക്ഷകനെന്ന് കീർത്തി ഉള്ളവനും, ദൃഡ നിശ്ചയക്കാരനും, വിശ്വ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും, ഉദയ സൂര്യനെ പോലെ ശോഭയുള്ളവനും, ഭൂത നാഥനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. മൂന്നാം പാദം - പ്രഭാ സത്യക സമേതനും (സത്യത്തെ ഇഷ്ടപ്പെടുന്നവനെന്നും അർത്ഥം കൊടുക്കാം), പ്രാണ നായകനും, ഭക്തർക്ക് കൽപ്പതരുവായവനും, ദിവ്യ പ്രഭയുള്ളവനും, ഓംകാര ക്ഷേത്രമായവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. നാലാം പാദം - കുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖമുള്ളവനും, ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. അഞ്ചാം പാദം - മൂന്ന് ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായവനും, സാക്ഷാൽ ശിവൻ തന്നെയായവനും, മൂന്നു കാലങ്ങളിൽ പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നത് മുഴുവൻ സത്യമാക്കുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ആറാം പാദം – ഭവ ഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും, ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും, വെളുത്ത നിറമുള്ള ദിവ്യ ആനയേ വാഹനമാക്കിയവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ഏഴാം പാദം – മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും, കളഭമണിഞ്ഞ മനോഹര ശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനുമായ ഹരി ഹര പുത്രനെ ആശ്രയിക്കുന്നു. എട്ടാം പാദം - ഭക്ത പ്രിയനും, ചിന്തിക്കുന്നത് സത്യമാക്കുന്നവനും, വേദങ്ങൾ ആഭരണമായിട്ടുള്ളവനും, സന്യാസ ജീവിതം നയിക്കുന്നവനും, ശ്രുതി മനോഹര ഗീതങ്ങൾ ഇഷ്ടപ്പെടുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ഹരിവരാസന കീർത്തനത്തിൽ പുലി വാഹനനായ അയ്യപ്പനെ വിശേഷിപ്പിക്കുന്നത് ആന, സിംഹം, കുതിര എന്നീ വാഹനങ്ങൾ ഉള്ളവനെന്നാണ്. കേസരി എന്ന് ഉദ്ദേശിച്ചത് പുലിയെ ആയിരുന്നിരിയ്ക്കാം. പുലിമേൽ ഏറി വന്നത് കൊണ്ട് സ്വാമി പുലി വാഹനനാണ്, വാവരുമായുള്ള യുദ്ധത്തിൽ ആന പുറത്ത് ഏറിയത് കൊണ്ട് ഗജ വാഹനനുമാണ്. കുതിര ശാസ്താവിന്റെ വാഹനമാണെന്നും ഐതീഹ്യമുണ്ട്. ശാസ്താവ് ഗണപതിയെ വാഹനമാക്കി കൈലാസത്തിൽ കളിച്ചു. അത് കണ്ട് സങ്കടം വന്ന പാർവതി നന്തി കേശനോട് ശാസ്താവിന്റെ വാഹനമാകാൻ പറഞ്ഞു. ഞാൻ അച്ഛന്റെ വാഹനമായത് കൊണ്ട് മകന്റെ വാഹനം കുതിരയാകട്ടേ എന്നായി നന്തി. അങ്ങിനെ ശാസ്താവ് വാജി വാഹനനായത്രേ.

ഭക്തന്റെ നിലയ്ക്കനുസരിച്ച് വഴിപാടുകള്‍ നടത്താം. ചടങ്ങായല്ല, ഭക്തി പുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല. ശനീശ്വന് ഇഷ്ട വഴിപാടായ നീരാജ്ഞനം നടത്തിയാലും ഇഷ്ട ധാന്യമായ എള്ളിന്റെ കിഴി കെട്ടി തിരി തെളിയിച്ചാലും ശനി ദോഷമകലുമെന്നാണ് വിശ്വാസം. നെയ്യഭിഷേകം, പാലഭിഷേകം, പനിനീര്‍ അഭിഷേകം, കളഭച്ചാർത്ത്, കര്‍പ്പൂരദീപം, അപ്പം, അരവണ, ശർക്കര പായസം, നെയ്യ് പായസം, വെള്ള നിവേദ്യം, ത്രിമധുരം, പഞ്ചാമൃതം, ഇളനീര്‍, താംബൂല, നെയ്‌വിളക്ക്, അർച്ചന, ചന്ദനം ചാര്‍ത്തല്‍, തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. ലോഹ പ്രതിമകള്‍, പട്ട്, നാണയം, രത്നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയന പ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍ തന്നെ. സ്തുതി ഗീത ആലാപനവും വെടി വഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

കലിയുഗ വരദനു ഏറ്റം പ്രിയങ്കരം നെയ്യഭിഷേകം തന്നെ മുദ്ര നിറച്ചു കൊണ്ട് പോയ നെയ്യ് തേങ്ങയുടച്ച് ഒരു പാത്രത്തിലാക്കണം സന്നിധാനത്തിനു താഴെ മാളിക പുറത്തേയ്ക്ക് പോകുന്ന വഴി നെയ്യഭിഷേകം ടിക്കറ്റ് കൗണ്ടറുണ്ട് രാവിലെ മൂന്നര മുതൽ ടിക്കറ്റ് കൊടുത്ത് തുടങ്ങും. ടിക്കറ്റ് വാങ്ങി സന്നിധാനത്ത് ചെന്ന് നെയ്യഭിഷേകത്തിനുള്ള ക്യു നില്ക്കണം. രാവിലെ നാലര മുതൽ പതിനൊന്നര വരെയാണ് നെയ്യഭിഷേക സമയം. നമ്മൾ കൊടുക്കുന്ന നെയ്യ് അയ്യപ്പന് അഭിഷേകം നടത്തി ശ്രീകോവിലിൽ നിന്ന് തിരിച്ചു നൽകും. കാണി പൊന്ന് കെട്ടഴിച്ച് കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കണം. കർപ്പൂരവും നെയ്യ് എടുത്ത ശേഷമുള്ള ഉടച്ച തേങ്ങയും പതിനെട്ടാം പടിയ്ക്ക് താഴെയുള്ള കർപ്പൂരാഴിയിൽ നിക്ഷേപിക്കണം. അയ്യപ്പന് ഇഷ്ടമുള്ള മറ്റൊരു വഴിപാടാണ് കർപ്പൂര പൂജ, സന്ധ്യാ ദീപാരാധന കഴിഞ്ഞു ഒരു താലത്തിൽ കർപ്പൂരം കത്തിച്ച് ഭജന പാടി കൊണ്ട് സന്നിധാനത്തുള്ള ഭക്ത ജന ലക്ഷങ്ങൾക്കിടയിലൂടെ നടന്നു ശ്രീകോവിലിൽ കൊടുത്താൽ അയ്യപ്പന് ആരതി നടത്തി തിരിച്ചു തരും അത് വാങ്ങി പിന്നെയും ഭജന പാടി കർപ്പൂരാഴിയിൽ നിക്ഷേപിക്കണം. അരവണ, അപ്പം, പായസങ്ങൾ, വെള്ള നിവേദ്യം എന്നിവ പതിനെട്ടാം പടിയ്ക്ക് താഴെ കർപ്പൂരാഴിയ്ക്ക് സമീപമുള്ള കൗണ്ടറുകളിൽ നിന്ന് ലഭിക്കും. അർച്ചന പ്രസാദത്തിന് ടിക്കറ്റ് സന്നിധാനത്തുള്ള കൗണ്ടറിൽ നിന്ന് വാങ്ങി മേൽ ശാന്തിയുടെയോ തന്ത്രിയുടെയോ മുറികളിൽ ചെന്ന് യഥാ വിധി ദക്ഷിണ കൊടുത്ത് ഈറ്റയിലയിൽ കിട്ടുന്ന അർച്ചന പ്രസാദം വാങ്ങാം.

മാളികപുറത്തമ്മ - സന്നിധാനത്തിൽ നിന്ന് വടക്കേ നട വഴി താഴെ ഇറങ്ങി കുറച്ചു നടന്നാൽ മാളികപുറം കാണാം (സന്നിധാനത്തു നിന്നു ഫ്ലൈ ഓവറും ഉണ്ട്). സന്നിധാനത്തിനേക്കാൾ ഉയരത്തിൽ ആയതു കൊണ്ടാണ് മാളികപുറം എന്ന് പറയുന്നത്. മാളികപുറത്തമ്മയ്ക്ക് മഞ്ജുനാഥയെന്നും മഞ്ചാംബികയെന്നും പേരുകൾ ഉണ്ട്. മാളികപുറത്തമ്മ ശാപമോഷം കിട്ടിയ മഹിഷിയാണെന്നും ചീരപ്പൻ ചിറ മൂപ്പന്റെ മകളാണെന്നും രണ്ടു പക്ഷമുണ്ട്. വിവാഹ അഭ്യർത്ഥന നടത്തിയ ശാപ മോചിതയായ മഹിഷിയോട് ശാസ്താവായാലും മൂപ്പന്റെ മകളോട് അയ്യപ്പനായാലും പറഞ്ഞത് കന്നി അയ്യപ്പന്മാർ എന്നെ കാണാൻ വരാതെ രിക്കുമ്പോൾ വിവാഹം കഴിക്കാമെന്നാണ്. അതാണ്‌ സംക്രമ പൂജ കഴിഞ്ഞു നടക്കുന്ന വേട്ടവിളി എന്ന ചടങ്ങ്. മാളികപുറത്തമ്മയെ പിടിയാന പുറത്ത് എഴുന്നുള്ളിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വന്ന് കന്നി അയ്യപ്പന്മാ വന്നിട്ടുണ്ടോ എന്ന് വിളിച്ച് ചോദിക്കും. അതിനു മറുപടിയായി ശരം കുത്തി ആലിചെന്ന് നോക്കാൻ മേൽശാന്തി ആവശ്യപ്പെടും. മാളികപുറത്തമ്മ അപ്പോൾ വാദ്യ ഘോഷങ്ങളോടെ ശരം കുത്തിയാലിൽ ചെല്ലുംഅവിടെ കന്നി അയ്യപ്പന്മാർ കുത്തിയ കോടി കണക്കിന് ശരങ്ങൾ കണ്ടു ദുഃഖിതയായി വാദ്യ ഘോഷങ്ങൾ ഉപേക്ഷിച്ച് തിരികെ പോരും. അടുത്ത വർഷം കന്നിക്കാർ വരില്ല എന്ന പ്രതീക്ഷയോടെ. മാളികപുറത്ത് അമ്മയുടെ വഴിപാടുകളിൽ പ്രധാനം മഞ്ഞൾ അഭിഷേകം തന്നെ. തീർത്ഥാടന കാലയളവിൽ ഭക്തന്മാർ തൂകുന്ന മഞ്ഞൾ പൊടിയിൽ കുളിച്ചിരിക്കും മാളികപുറം. മാളികപുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ചാംബികയ്ക്ക് ഏറെ ഇഷ്ടമാണ്.

മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിലുള്ള മറ്റു ദേവതാ സ്ഥാനങ്ങൾ കൊച്ചു കടുത്ത സ്വാമി ക്ഷേത്രം, നാഗ ദേവതമാർ, മണി മണ്ഡപം എന്നിവയാണ്. കൊച്ചു കടുത്ത സ്വാമിയ്ക്ക് മലർ നിവേദ്യമാണ് പ്രധാനം. ഇടയ്ക്കൊരു രഹസ്യം പറയാം കൊച്ചു കടുത്ത സ്വാമിയ്ക്ക് കഞ്ചാവ് ഇഷ്ട വഴിപാടാണ് പണ്ട് കാലത്ത് ഗുരു സ്വാമിമാർ മുൻ കെട്ടിൽ ഒരു ചെറിയ പൊതി കഞ്ചാവും ഇടുമായിരുന്നു. ഇന്ന് അതിനൊന്നും ശ്രമിക്കരുതേ കഞ്ചാവോ മറ്റു മയക്കു മരുന്നുകളോ കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ് ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും. മകരം ആറിന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ മാളികപ്പുറം സമുച്ചയത്തിൽ വച്ച് മല ദൈവങ്ങൾക്ക് ഗുരുതി കൊടുക്കും. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പൊതു ജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന അവസാനത്തെ ചടങ്ങാണത്. മാളികപ്പുറം സമുച്ചയത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് പറ കൊട്ടി പാട്ട്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണുവിന് ശനി ബാധിച്ചു. ശിവൻ വേലനായും പാര്‍വ്വതി വേലത്തിയായും വന്ന് പാടി വിഷ്ണുവിന്റെ ശനി ദോഷം അകറ്റിയത്രേ. ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയിൽ മാളികപ്പുറത്തമ്മയുടെ മുന്നിൽ ഭക്തരുടെ ശനി ദോഷമകറ്റാനാണ് പറ കൊട്ടി പാടുന്നത്. മണ്ഡപത്തിന് മുന്നിലായി പതിനഞ്ച് വേലന്‍മാർ നിന്ന് കേശാദിപാദം കഥ പാടിയാണ് ശനി ദോഷം അകറ്റുന്നത്. 

സന്നിധാനത്ത് കന്നി മൂലയിൽ (തെക്ക് പടിഞ്ഞാറ്) ഗണപതി ക്ഷേത്രം, സന്നിധാനത്ത് തന്നെ നാഗരാജ ക്ഷേത്രവുമുണ്ട്. പതിനെട്ടാം പടിയുടെ വലതുവശത്തെ ഉപ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയും കറുപ്പായി അമ്മയും മരുവുന്നു. പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയ കടുത്ത സ്വാമിയും. പടിയുടെ താഴെ വാവരു സ്ഥാനവും ഉണ്ട്. പമ്പ ക്ഷേത്ര സമുച്ചയങ്ങളിൽ ഗണപതി, ശ്രീരാമൻ, പാർവതി, ഹനുമാൻ കോവിലുകൾ ഉണ്ട്. പമ്പ ഗണപതിയ്ക്ക് മോദക വഴിപാടും ഹനുമാൽ സ്വാമിയ്ക്ക് അവലും പ്രധാനം.

നീലിമല കയറി ചെല്ലുമ്പോൾ ശബരി പീഠം കാണാം. പുണ്യവതിയായ ശബരി തപസ് അനുഷ്ടിച്ചിരുന്ന സ്ഥലമാണത്. അങ്ങിനെയാണ് ശബരിമലയെന്ന് പേര് കിട്ടിയത്. സീതാന്വേഷണ വേളയിൽ രാമ ലക്ഷമണന്മാർ ശബരി ആശ്രമത്തിൽ ചെന്നു. യുഗങ്ങളോളം ഭഗവാനെ പ്രതീഷിച്ചിരുന്ന ശബരി പഴങ്ങൾ നല്കി രാമ ലക്ഷമണന്മാരെ സൽക്കരിച്ചു. പഴങ്ങളോരോന്നും ശബരി കടിച്ചു നോക്കി രുചിയുണ്ടെന്ന് ഉറപ്പു വരുത്തിയാണ് കൊടുത്തത്. ഇത് കണ്ടു കോപിഷ്ഠനായ ലക്ഷമണനോട് രാമൻ പറഞ്ഞു ശബരി ലോക മാതാവാണ്. ശേഷം ശബരി രാമന്റെ പാദാരവിന്ദങ്ങളിൽ വീണു മുക്തിയടഞ്ഞു മോക്ഷം പ്രാപിച്ചു. ശബരിയ്ക്ക് വസ്ത്രം കൊടുക്കുന്നു എന്ന കരുതി പ്രാർത്ഥനയോടെ എരുമേലിയിൽ നിന്ന് വാങ്ങിയ കച്ച ശബരി പീഠത്തിൽ തൂക്കണം.
സന്നിധാനത്ത് നിന്ന് മാളികപ്പുറത്തേയ്ക്ക് പോകുമ്പോൾ ഇടതു വശത്തേയ്ക്ക് ഇറങ്ങിയാൽ പരി പാവനമായ ഭസ്മകുളം കാണാം. സന്നിധാനത്തിനു തൊട്ടു താഴെയായിരുന്ന ഭസ്മ കുളം ഈയിടെയാണ് മാറ്റി സ്ഥാപിച്ചത്. ശയന പ്രദക്ഷിണം കഴിഞ്ഞു ഭസ്മ കുളത്തിലാണ് കുളിക്കേണ്ടത്. മുമ്പുള്ള ഭസ്മകുളം ശബരിയ്ക്ക് മോക്ഷം കിട്ടിയ സ്ഥാനത്തായിരുന്നു എന്ന് പഴമക്കാർ.

സന്നിധാനത്തിൽ നിന്ന് പുൽ മേടിനു പോകുമ്പോൾ പാണ്ടി താവളത്തിൽ നിന്ന് കുറച്ചു താഴേയ്ക്ക് ഇറങ്ങിയാൽ ഉരൽ കുഴി തീർത്ഥം കാണാം. ഒരു ചെറിയ വെള്ള ചാട്ടം ഒരു ചെറിയ കുഴിയിലേയ്ക്ക്, കുഴിയിൽ നിന്ന് വെള്ളം കവിഞ്ഞു താഴേയ്ക്ക് ഒഴുകുന്നു. കുഴി ഉരൽ പോലെ തോന്നുന്നത് കൊണ്ട് ഉരൽ കുഴി. തീർഥാടകർ ഉരൽ കുഴിയിൽ കുളിച്ചാലേ ദർശനം പൂർത്തിയാകുയെന്നണ് വിശ്വാസം. ദേവന്‍മാർ ഭഗവാനു സഹസ്ര കലശാഭിക്ഷേകം നടത്താൻ ഉപയോഗിക്കുന്നെന്ന വിശ്വാസത്തിൽ ഉരുക്കുഴി തീര്‍ത്ഥത്തെ കുംഭ തീര്‍ത്ഥം എന്നും അറിയപ്പെടുന്നു.
പതിനെട്ടാം പടിയ്ക്ക് താഴെ ഇടതു വശത്തായി കർപ്പൂരാഴി (കർപ്പൂര കുണ്ഡം) കാണാം. മുദ്രയിൽ നിന്ന് നൈയ്യ് എടുത്ത ശേഷമുള്ള തേങ്ങയും അയ്യപ്പന്മാർ കൊണ്ടു വരുന്ന കർപ്പൂരവും മറ്റു പൂജാ സാധനങ്ങളും നിക്ഷേപിക്കുന്നത് മൂലം തീർഥാടന കാലയളവിൽ കർപ്പൂരാഴി നിറഞ്ഞു കത്തി കൊണ്ടേയിരിക്കും.
Content collected, sorted, edited by Prasannan, All write reserved  

No comments:

Post a Comment